2009, ജൂൺ 24, ബുധനാഴ്‌ച

റയാന്‍ എയറില്‍
ഇനിമുതല്‍ ലഗേജും യാത്രക്കാര്‍തന്നെ കയറ്റണം

ഡബ്ളിന്‍: ലോ ബജറ്റ് യാത്രാ വിമാനമായ വയാന്‍ എയറില്‍ ഇനി മുതല്‍ അവരവരുടെ ലഗേജ് യാത്രക്കാര്‍തന്നെ വിമാനത്തില്‍ കയറ്റണം.
ഈ നടപടിക്രമം താമസിയാതെര്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി റയാന്‍ എയറിനെയും പിടികൂടിക്കഴിഞ്ഞ സാഹചര്യത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കുന്നത്. പുതിയ സംവിധാനത്തിലൂടെ പ്രതിവര്‍ഷം 20 മില്ല്യണ്‍ യൂറോ ലാഭിക്കാനാവും എന്നാണ് അവരുടെ കണ്ടെത്തല്‍. ഈ സംവിധാനത്തോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് റയാന്‍ എയര്‍ ചീഫ് എക്സിക്യുട്ടീവ് മൈക്കിള്‍ ഒ'ലീറി അഭ്യര്‍ത്ഥിച്ചു.
നിലവില്‍ ലോകത്തെമ്പാടുമുള്ള എല്ലാ വിമാനങ്ങളിലും യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുമ്പോള്‍ ഒരു ഹാന്‍ഡ്ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ അവകാശമുള്ളൂ. ഇതിലൊരു മാറ്റത്തിനാണ് റയാന്‍ എയര്‍ തുടക്കം കുറിക്കുന്നത്. ഈ പദ്ധതി വിജയം കണ്ടാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മറ്റ് വിമാനകമ്പനികളും ഇതേമാര്‍ഗം പിന്തുടരാനാണ് സാധ്യത.
ഇപ്പോള്‍ യാത്രക്കാരുടെ ലഗേജ് സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് വിമാനത്തില്‍ കയറ്റുന്നത് ലഗേജ് ഹാന്‍ഡ്ലേഴ്സ് ആണ്. ഈ വിഭാഗത്തെ പൂര്‍വമായും ഒഴിവാക്കുകയാണ് റയാന്‍ എയര്‍. ഇവരുടെ പ്രതിഫലമാണ് കമ്പനി ലാഭിക്കാന്‍ പോകുന്ന 20 മില്ല്യണ്‍ യൂറോ. യാത്രക്കാര്‍തന്നെ ലഗേജ് സെക്യൂരിറ്റി ചെക്കപ്പിനു കൊണ്ടുപോകണം.
അവിടെനിന്നും അവര്‍തന്നെ അത് ഏറ്റുവാങ്ങുകയും വേണം. എന്നിട്ട് ലഗേജ് സ്വയം ചുമന്ന് വിമാനത്തില്‍ കയറ്റുകയും വേണം. ഒരു ബസില്‍ യാത്രക്കാര്‍ ലഗേജ് കൊണ്ടുപോകുന്ന അതേസമ്പ്രദായമാണ് വിമാനത്തിലും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന;ന്ന് റയാന്‍ എയര്‍ വക്താവ് പറഞ്ഞു. അതേസമയം ഇത് എന്ന് മുതല്‍ നടപ്പിലാക്കുമെന്നോ ആദ്യം ഏത് വിമാനത്താവളത്തില്‍ പരീക്ഷിക്കുമെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വ്യോമയാന നിയമങ്ങള്‍ തടസപ്പെടുത്തലില്ലാതെ ഈ സംവിധാനം എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. ഇതേക്കുറിച്ച് വിമാനത്താവളങ്ങളുടെ അധികൃതരുമായി ഇനിയും ചര്‍ച്ചചെയ്യാനുണ്ട്. ഇത്തരമൊരു പ്രൊപ്പോസല്‍ റയാന്‍ എയറില്‍നിന്നും ലഭിച്ചശേഷം തങ്ങളുടെ നിലപാട് അറിയിക്കാമെന്നാണ് ഡബ്ളിന്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞത്.