2009, ജൂലൈ 1, ബുധനാഴ്‌ച

വിമാനകമ്പനികളുടെ വിശ്വാസ്യത
പരിശോധിക്കണമെന്ന്
യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ്:തുടര്‍ച്ചയായി വിമാനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആഗോള വിമാന കമ്പനികളുടെ വിശ്വാസ്യത പരിശോധിക്കേണ്ട സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍.
വിമാനങ്ങളിലെ സുരക്ഷാ സൌകര്യങ്ങള്‍ ഉറപ്പ് വരുത്താത്ത വിമാന സര്‍വീസ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഗതാഗത കമ്മിഷണര്‍ അന്റോണിയോ തജാനി ആവശ്യപ്പെട്ടു.
ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണ യമന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സിന്റെ സിഗ്നലുകള്‍ ലഭിച്ചതായി തിരച്ചില്‍ സംഘം അറിയിച്ചു.
കാമറോസ് തീരത്തിന് 40 കിലോമീറ്റര്‍ അകലെ നിന്നുമാണ് ബ്ളാക് ബോക്സ് സിഗ്നലുകള്‍ ലഭിച്ചത്. ഫ്രഞ്ച് തിരച്ചില്‍ സംഘം സിഗ്നല്‍ ലഭിച്ച മേഖലയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 153 യാത്രക്കാരുമായി ചൊവ്വാഴ്ചയാണ് യമന്‍ വിമാനം കാമറോസിന് സമീപത്ത് വച്ച് സമുദ്രത്തില്‍ പതിച്ചത്.
മോറോണിയിലെ പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്തുന്ന യമന്‍ സംഘത്തിനൊപ്പം ബുധനാഴ്ചയാണ് ഫ്രഞ്ച് സംഘവും ചേര്‍ന്നത്. യമന്‍ വിമാനത്തിലുണ്ടായിരുന്ന 153 പേരില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാന്‍ സാധിച്ചത്. അഞ്ചുവയസുകാരിയാണ് രക്ഷപെട്ടതെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചത്.