ജാക്സന്റെ ജനനവും മരണവും
ഇംഗ്ളണ്ടിന്റെ
സാമ്പത്തിക തകര്‍ച്ചയും

ലണ്ടന്‍: പോപ് സംഗീതലേകാത്തെ രാജാവായ മൈക്കല്‍ ജോ ജാക്സണും ഇംഗ്ളണ്ടിന്റെ സാമ്പത്തിക സ്ഥിതിയും തമ്മില്‍ ബന്ധമുണ്ടോ? ഒറ്റനോട്ടത്തില്‍ ഇല്ലെന്നു ആര്‍ക്കും പറയാനാവും. പക്ഷേ ബ്രട്ടീഷുകാരുടെ അവസ്ഥ അതല്ല.
തങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീത ചക്രവര്‍ത്തിയുടെ ജനന, മരണ വര്‍ഷങ്ങള്‍ അവര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. രാജ്യം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയ വര്‍ഷങ്ങളിലാണ് ഇവ സംഭവിച്ചത് എന്നതിനാലാണത്.
1958 ലാണ് ഇതിനുമുമ്പ് ഇംഗ്ളണ്ട് കണ്ട ഏറ്റവും മോശമായ സാമ്പത്തിക കാലാവസ്ഥ. അതേവര്‍ഷമാണ് മൈക്കല്‍ ജാക്സണ്‍ ജനിച്ചത്. അന്നത്തേക്കാള്‍ മോശം പരിതസ്ഥിതിയിലാണ് ബ്രിട്ടന്‍ ഇപ്പോള്‍. മൈക്കല്‍ ജാക്സണ്‍ ഓര്‍മ്മയായതും ഈ വര്‍ഷമാണെന്നത് യാദൃച്ഛികമാവാം.
നടപ്പ് വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ യു കെയുടെ സാമ്പത്തിക നില 2.4 ശതമാനംകണ്ട് കുറഞ്ഞത്. 1958 നുശേഷം രാജ്യത്ത് ഇത്രയും പരിതാപകരമായ ഇടിവുണ്ടാകുന്നത് ഇത് ആദ്യമായാണ്. ഓഫീസ് ഫോര്‍ നാകഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രവചിച്ചതിലും 1.9 ശതമാനംകണ്ടാണ് ജി ഡി പി ചുരുങ്ങിയത്.
നിര്‍മ്മാണമേഖലയില്‍ 6.9 ശതമാനത്തിന്റെയും സര്‍വീസ് മേഖലയില്‍ 1.6 ശതമാനത്തിന്റെയും കുറവ് ആദ്യപാദത്തിലുണ്ടായി. ഹൌസ്ഹോള്‍ഡ് സേവിംഗ്സ് മൂന്ന് ശതമാനമാണ് കുറഞ്ഞത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ബ്രിട്ടന്‍ കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് കഴിഞ്ഞമാസം അവസാനം പ്രസ്താവിച്ചിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുന്നുവെന്നാണ് ധനകാര്യവിദഗ്ദ്ധര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് തൊഴില്‍നഷ്ടമായവര്‍ ഇപ്പോഴും തൊഴില്‍രഹിതരായി തുടരുകയാണ്. ഇവരുടെ സംഖ്യ ദിനംപ്രതി കൂടിവരുകയും ചെയ്യുന്നു. ഇതാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാലതാമസം ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.