2009, ജൂലൈ 4, ശനിയാഴ്‌ച

ജാക്സന്റെ നിറം മാറ്റവും വിവാദത്തില്‍

‍ലണ്ടന്‍: തന്റെ സ്വാഭാവിക നിറമായ കറുപ്പ് നിറത്തിലേക്ക് മടങ്ങാന്‍ ജാക്സണ്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന് സുഹൃത്തും, ഹിറ്റ് വീഡിയോകളുടെ നിര്‍മ്മാതാവുമായ ക്യുന്‍സി ജോണ്‍സ് പറഞ്ഞു.
തന്റെ തൊലിയുടെ അവസ്ഥയെക്കുറിച്ച് ജാക്സണ്‍ കളളം പറയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ വെളുത്ത നിറമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. കറുത്തനിറം തന്റെ രൂപഭാവങ്ങളെയും അതുവഴി സംഗീതരംഗത്തെ ഉയര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ജാക്സണ്‍ ഭയപ്പെട്ടിരുന്നതായും ജോണ്‍സ് അഭിപ്രായപ്പെട്ടു.
വിറ്റിലിഗോ എന്ന ചര്‍മ്മരോഗത്തെ തുടര്‍ന്നാണ് ജാക്സന്റെ കറുത്തനിറം മാറി വെളുത്തനിറമായതെന്നായിരുന്നു ഇതുവരെയുളള വിശ്വാസം. എന്നാല്‍ സുഹൃത്തിന്റെ വെളിപ്പെടുത്തലോടെ ജാക്സന്റെ നിറംമാറ്റത്തെക്കുറിച്ചും വിവാദങ്ങളുയരുകയാണ്.
ബിഗ് ബ്രദര്‍ ഷോ: ദസാരി പുറത്ത്

ലണ്ടന്‍: റിയാലിറ്റിഷോയായ ബിഗ്ബ്രദര്‍ ഷോയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥി ശ്രീ ദസാരി പുറത്തായി. ഹെര്‍ട്ഫോര്‍ട്ഷെയര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായ ദസാരിയെ പുറത്താക്കണമെന്ന് 10ല്‍ ഒമ്പത് വോട്ടര്‍മാരും ആവശ്യപ്പെടുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് ബിഗ് ബ്രദര്‍ ഹൌസില്‍ നിന്നും പോകുന്നതെന്ന് ചടങ്ങിനു ശേഷം ദസാരി അറിയിച്ചു. സഹമത്സരാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന അദ്ദേഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്.
ഷോ ഹൌസില്‍ തനിക്കൊപ്പം താമസിക്കുന്നവര്‍ കള്ളനെന്ന് വിളിച്ചെന്നാരോപിച്ച് അദ്ദേഹം നേരത്തെ തന്നെ ഷോയില്‍ നിന്നും മാറണമെന്ന് അറിയിച്ചിരുന്നു. റഷ്യന്‍ ബോക്സര്‍ ഏഞ്ചലിന്റെ ആഴ്ച വിഹതമായ മദ്യം ചോദിക്കാതെ എടുത്തു എന്ന് ആരോപിച്ചാണ് ദസാരിയെ സഹവാസികള്‍ കള്ളനെന്ന് വിളിച്ചത്.
എന്നാല്‍ ദസാരി ഈ ആരോപണം നിഷേധിച്ചു. കാമുകിയെന്ന് ദസാരി അവകാശപ്പെടുന്ന ഐറിഷ് അത്ലെറ്റ് നോറിയാണ് ആരോപണവുമായി രംഗത്ത് വന്നത്.