2009, ജൂൺ 29, തിങ്കളാഴ്‌ച

ബാങ്കുകളെ സഹായിക്കാന്‍ സ്പെയിനിന്
9 ബില്ലണ്‍ യൂറോയുടെ പദ്ധതി

മാഡ്രിഡ്: ആഗോള പ്രതിസന്ധിയില്‍ തകര്‍ന്ന ബാങ്കുകള്‍ക്ക് സഹായമെത്തിക്കാനായി സ്പെയില്‍ 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചു. ബാങ്കുകളുടെ ലയനത്തിനോ പുന'സംഘടനയ്ക്കോ പുതിയ മുതല്‍മുടക്ക് കണ്ടെത്തുന്നതിനോ ഇതില്‍നിന്നു സഹായം ലഭ്യമാക്കുമെന്ന് സ്പെയിന്‍ ധനമന്ത്രി ഏലനാ സല്‍ഗാഡോ അറിയിച്ചു.
തുടക്കമെന്ന നിലയിലാണ് 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചത്. ആവശ്യമെന്നു കണ്ടാല്‍ ഇത് 90 ബില്ല്യണ്‍ യുറോയുടെവരെ ഫണ്ടാക്കി മാറ്റുമെന്നും എലനാ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ബാങ്കുകള്‍ക്ക് പുറത്തുവരാന്‍ പറ്റിയ സമയമാണിതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. കുറഞ്ഞപക്ഷം പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള മികച്ചസമയം ഇതുതന്നെയാകും.
സ്പെയിനിലെ ഭൂരിപക്ഷം ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് തങ്ങളുടെ മൂലധനം നിക്ഷേപിച്ചത്. സാമ്പത്തിക പ്രതിസന്ധിഴയെ തുടര്‍ന്ന് വസ്തുവിനും വീടിനും വില കുത്തനെ ഇടിഞ്ഞതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോതും വര്‍ധിക്കാന്‍ ഇത് ഇടയാക്കി.
പ്രതിസന്ധിയിലായ കാജാ കാസ്റ്റില ബാങ്കിന് സ്പെയിന്‍ നേരത്തേ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചോടെ ബാങ്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സന്റ്റന്‍ഡര്‍, ബി ബി വി എ അടക്കമുള്ള മറ്റ് ബാങ്കുകള്‍ക്കും സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബെല്‍ജിയന്‍ കപ്പല്‍ വിട്ടയച്ചു
ബ്രസല്‍സ്: ബെല്‍ജിയന്‍ ഉടമസ്ഥതയിലുള്ള എ വി പോംപി എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചതായി ബെല്‍ജിയന്‍ പ്രധാനമന്ത്രി ഹെര്‍മന്‍ വാന്‍ റോമ്പി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കപ്പല്‍ മോചനദ്രവ്യം നല്‍കിയാണ് മോചിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡച്ച്കാരനായ ഒരു ക്യാപ്റ്റനും രണ്ട് ബെല്‍ജിയംകാരും മൂന്ന് ഫിലിപ്പിനോസും നാല് ക്രോട്ട്സുകാരുമാണ് കപ്പലിലുണ്ടായിരുന്നത്. മണല്‍വാരലിന് നിയോഗിക്കപ്പെട്ട ഈ കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാരുടെ കൈവശമാകുന്ന ആദ്യ ബെല്‍ജിയന്‍ കപ്പലാണ്.
കൃത്രിമ ദ്വീപുകളുടെ നിര്‍മ്മാണ സഹായത്തിനായി ദുബൈയില്‍ നിന്നും ദക്ഷിണാഫ്രിക്കയ്ക്ക് പോകും വഴി സീച്ചലിന് 140 കിലോമീറ്റര്‍ അകലെ വെച്ചാണ് കപ്പല്‍ കൊള്ളക്കാരുടെ പിടിയിലാകുന്നത്. മെയ് ആദ്യ വാരം കൊള്ളക്കാരുടെ പിടിയിലായ ഒരു ഡച്ച് ചരക്കു കപ്പല്‍ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. കപ്പലിലെ ജോലിക്കാരനായിരുന്ന ഒരു ഉക്രൈനിയക്കാരനെ വെടിവെച്ചു കൊന്ന കൊള്ളക്കാര്‍ എട്ട് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
12 കപ്പലുകളും ഏകദേശം 200ഓളം ജീവനക്കാരും ഇപ്പോഴും കൊള്ളക്കാരുടെ കസ്റഡിയിലുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ മരിടൈം ഏജന്‍സിയുടെ നിഗമനം. എട്ട് ദശലക്ഷം ഡോളര്‍ ആണ് പോംപി മോചിപ്പിക്കാനായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടത്. മോചന ദ്രവ്യമായി ഒരു തുക കൊള്ളക്കാര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കിയ അധികൃതര്‍ ആ തുക എത്രയാണെന്ന് പറയാന്‍ തയാറായിട്ടില്ല.
ഏകദേശം 160 തവണ തങ്ങള്‍ കൊള്ളക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ എല്ലാതവണയും അവര്‍ മോചനദ്രവ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ തയാറായതെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിമാനത്തില്‍ എത്തിച്ച തുക കപ്പലിന് സമീപത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
2010 ഓടെ കടല്‍ക്കൊള്ള അവസാനിപ്പിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 24ഓളം കപ്പലുകളാണ് കടല്‍ക്കൊള്ളക്കെതിരായി ഏദന്‍സ് ഉള്‍ക്കടലില്‍ റോന്ത് ചുറ്റുന്നത്.