2009, ജൂൺ 25, വ്യാഴാഴ്‌ച

സ്വരാജ് പോള്‍ പ്രഭു ബ്രട്ടീഷ് രാജസമിതിയില്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ
വ്യവസായി സ്വരാജ് പോള്‍ പ്രഭു (78) ബ്രിട്ടീഷ് രാജ്ഞിയുടെ ഉപദേശക സമിതിയായ പ്രിവി കൌണ്‍സിലിലെ അംഗമായി നിയമിതനായി. ബ്രിട്ടീഷ് പൌരന് രാജ്ഞിയില്‍ നിന്നു ലഭിക്കാവുന്ന ഏറ്റവും ഉന്നത പദവിയാണിത്. ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിയാതെ സ്ഥാനാരോഹണം നടക്കും.
പ്രഭുസഭയിലെ ഡപ്യൂട്ടി സ്പീക്കറായി കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.
ജഡ്ജിമാര്‍, മന്ത്രിമാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, അംബാസഡര്‍മാര്‍ തുടങ്ങി പ്രമുഖര്‍ മാത്രം ഉള്‍പ്പെടുന്ന ഈ രാജകീയ സമിതിയാണ് രാജ്ഞിയെ ഭരണകാര്യങ്ങളില്‍ ഉപദേശിക്കുക.
പാര്‍ലമെന്റ് വിളിച്ചുകൂട്ടുക, പിരിച്ചുവിടുക, നീട്ടിവയ്ക്കുക, യുദ്ധം പ്രഖ്യാപിക്കുക തുടങ്ങിയ വിജ്ഞാപനങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയും പ്രിവി കൌണ്‍സിലിന്റെ ചുമതലകളാണ്.
പുതിയ രാജാവിനെയോ രാജ്ഞിയെയോ അവരോധിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാന്‍ സമ്പൂര്‍ണ പ്രിവി കൌണ്‍സില്‍ ചേരും. രാജ്യത്തിന്റെ പരമാധികാരിയുടെ വിവാഹകാര്യം വെളിപ്പെടുത്തുമ്പോഴും സമ്പൂര്‍ണ യോഗം കൂടും.
പാര്‍ലമെന്റ് അംഗത്തിന്റെ പേരിനൊപ്പം എംപി എന്നു ചേര്‍ക്കുന്നതു പോലെ പ്രിവി കൌണ്‍സില്‍ അംഗത്തിന്റെ പേരിന്റെ അവസാനം പി സി എന്നു ചേര്‍ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: