2009, ജൂൺ 25, വ്യാഴാഴ്‌ച

കാര്‍ വിപണിയില്‍ ജപ്പാന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടി
ടോക്കിയോ: ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ജപ്പാനില്‍ പ്രമുഖ കമ്പനികളുടെ കാര്‍ ഉത്പാദനത്തിലും വന്‍ ഇടിവ്. കാര്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ലക്ഷ്യം കാണാതെപോയതോടെ കാര്‍ വിപണിയില്‍ കുതിച്ചുകയറ്റം ഇനി എന്നുണ്ടാവുമെന്നുപോലും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ജപ്പാനിലെ പ്രമുഖ കാര്‍ കമ്പനിയായ ടയോട്ടക്കാണ് ഏറ്റവും വലിയ തിരിച്ചടി. അവരുടെ അമേരിക്കയിലെ കാര്‍ നിര്‍മാണശാലയില്‍ ഉത്പാദനം 48.2 ശതമാനവും ജപ്പാനിലെ നിര്‍മാണശാലകളില്‍ 41.9 ശതമാനവും കുറച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയിലെ നിര്‍മ്മാണ ശാലയില്‍നിന്ന് പുറത്തിറങ്ങിയത് 56,000 കാറാണ്. ജപ്പാനില്‍ വിപണിയിലിറങ്ങിയത് 1,92,637 കാറും.
തങ്ങളുടെ എതിരാളികളെക്കാള്‍ ശക്തമായ തിരിച്ചടിയാണ് ടയോട്ടയ്ക്കുണ്ടായത്. നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ ആവശ്യകത കുറഞ്ഞത് ടയോട്ടയുടെ വിദേശവരുമാനത്തെ ആകെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവരുടെ വരുമാനത്തില്‍ 436.9 ബില്ല്യണ്‍ യെന്നിന്റെ (ജപ്പാന്‍ കറന്‍സി) കുറവാണുണ്ടായത്. 1937 നു ശേഷം ടയോട്ട നേരിടുന്ന ഏറ്റവും വലിയ വരുമാന നഷ്ടമാണിത്. ഇതിലും വലിയ നഷ്ടമായിരിക്കും അവര്‍ക്ക് ഈ സാമ്പത്തികവര്‍ഷം നേരിടേണ്ടിവരുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജപ്പാനിലെ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരായ ഹോണ്ടോയുടെ നിലയും ശോഭനമല്ല. കഴിഞ്ഞവര്‍ഷം 1,95,085 കാറുകള്‍ പുറത്തിറക്കിയ ഹോണ്ടോയുടെ ഉത്പാദനത്തില്‍ 38.4 ശതമാനത്തിന്റെ കുറവ് വന്നുകഴിഞ്ഞു. ഡിമാന്‍ഡ് കുറഞ്ഞതോടെ സതേണ്‍ ഇംഗ്ളണ്ടിലെ സ്വിന്‍ഡനിലെ കാര്‍ ഫാക്ടറി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അതേസമയം ഇവിടെ ചെറിയതോതില്‍ കാര്‍ ഉത്പാദനം പുനരാരംഭിച്ചതായി ഹോണ്ട ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്.
നിസാന്‍ മോട്ടോര്‍ കമ്പനി കഴിഞ്ഞവര്‍ഷം 2,01,340 കാറുകളാണ് ലോകത്താകമാനം പുറത്തിറക്കിയത്. 27 ശതമാനം കുറവാണ് അവരുടെ ഉത്പാദനത്തിലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചില്‍ 44.9 ശതമാനത്തിന്റെയും ഏപ്രിലില്‍ 38.2 ശതമാനത്തിന്റെയും കുറവുണ്ടായിരുന്നു. മേയ് ആയപ്പോള്‍ 27 ശതമാനത്തിന്റെ കുറവേ ഉണ്ടായുള്ളൂ. ഇത് പ്രതീക്ഷനല്‍കുന്ന കണക്കാണെന്നാണ് നിസാന്‍ മോട്ടോര്‍ കമ്പനി അധികൃതര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയില്‍ തിരിച്ചടി ഉണ്ടായെങ്കിലും ചൈനീസ് വിപണിയില്‍ തങ്ങളുടെ കാറിന് ആവശ്യക്കാര്‍ വര്‍ധിച്ചതായും അവര്‍ അവകാശപ്പെടുന്നുണ്ട്.
മിത്സുബിഷി മോട്ടോര്‍ കോപറേഷന്റെ കാര്‍ ഉത്പാദനത്തില്‍ 54.6 ശതമാനത്തിന്റെ കുറവാണ് ഈ കാലയളവിലുണ്ടായത്. ആകെ 44,902 കാറുകളാണ് അവര്‍ പുറത്തിറക്കിയത്. മസ്ഡാ മോട്ടോര്‍ കോര്‍പറേഷന്‍ 66,531 വാഹനങ്ങള്‍ പുറത്തിറക്കി. 37 ശതമാനം കുറവാണ് അവര്‍ക്കുണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല: