2009, ജൂൺ 29, തിങ്കളാഴ്‌ച

ബാങ്കുകളെ സഹായിക്കാന്‍ സ്പെയിനിന്
9 ബില്ലണ്‍ യൂറോയുടെ പദ്ധതി

മാഡ്രിഡ്: ആഗോള പ്രതിസന്ധിയില്‍ തകര്‍ന്ന ബാങ്കുകള്‍ക്ക് സഹായമെത്തിക്കാനായി സ്പെയില്‍ 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചു. ബാങ്കുകളുടെ ലയനത്തിനോ പുന'സംഘടനയ്ക്കോ പുതിയ മുതല്‍മുടക്ക് കണ്ടെത്തുന്നതിനോ ഇതില്‍നിന്നു സഹായം ലഭ്യമാക്കുമെന്ന് സ്പെയിന്‍ ധനമന്ത്രി ഏലനാ സല്‍ഗാഡോ അറിയിച്ചു.
തുടക്കമെന്ന നിലയിലാണ് 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചത്. ആവശ്യമെന്നു കണ്ടാല്‍ ഇത് 90 ബില്ല്യണ്‍ യുറോയുടെവരെ ഫണ്ടാക്കി മാറ്റുമെന്നും എലനാ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ബാങ്കുകള്‍ക്ക് പുറത്തുവരാന്‍ പറ്റിയ സമയമാണിതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. കുറഞ്ഞപക്ഷം പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള മികച്ചസമയം ഇതുതന്നെയാകും.
സ്പെയിനിലെ ഭൂരിപക്ഷം ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് തങ്ങളുടെ മൂലധനം നിക്ഷേപിച്ചത്. സാമ്പത്തിക പ്രതിസന്ധിഴയെ തുടര്‍ന്ന് വസ്തുവിനും വീടിനും വില കുത്തനെ ഇടിഞ്ഞതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോതും വര്‍ധിക്കാന്‍ ഇത് ഇടയാക്കി.
പ്രതിസന്ധിയിലായ കാജാ കാസ്റ്റില ബാങ്കിന് സ്പെയിന്‍ നേരത്തേ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചോടെ ബാങ്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സന്റ്റന്‍ഡര്‍, ബി ബി വി എ അടക്കമുള്ള മറ്റ് ബാങ്കുകള്‍ക്കും സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: