2009, ജൂൺ 26, വെള്ളിയാഴ്‌ച


വംശീയാതിക്രമം: ഓസ്ട്രേലിയന്‍ വൈസ്ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരും ഇന്ത്യയിലേക്ക്
കാന്‍ബെറ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ
വംശീയാതിക്രമങ്ങള്‍ക്ക് ഒരു ശമനവുമുണ്ടാകാത്ത സാഹചര്യത്തില്‍ അനുനയ ദൌത്യവുമായി വീണ്ടുമൊരു ഉന്നതതല സംഘത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
ഇന്ത്യയിലേക്കയയ്ക്കുന്നു. വൈസ് ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെട്ടതാണ് പുതിയ സംഘം. അടുത്തയാഴ്ച സംഘം ന്യൂഡല്‍ഹിയിലെത്തും.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികളെപ്പറ്റി വിശദീകരിക്കുകയും ആശങ്കകള്‍ ദുരീകരിക്കുകയുമാണ് ഓസ്ട്രേലിയന്‍ സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. ഈയാഴ്ച നേരത്തെ ഓസ്ട്രേലിയയുടെ തൊഴില്‍, വിദ്യാഭ്യാസ സെക്രട്ടറി ലിസ പോളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ന്യൂഡല്‍ഹിയിലെത്തി പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ സമീപിക്കുന്ന ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളുടെ ഏജന്റുമാരെ നിരീക്ഷിക്കാനും പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ശരിയായ വേതനം ഉറപ്പാക്കാനും ഒരു റഗുലേറ്ററി സംവിധാനം പ്രാബല്യത്തിലാക്കുമെന്ന് ലിസ പോള്‍ ഉറപ്പുനല്‍കുകയുണ്ടായി. പുതിയ സംഘത്തിന് വിദ്യാഭ്യാസ വകുപ്പിലെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് തലവന്‍ കോളിന്‍ വാള്‍ട്ടേഴ്സ് ആണ് നേതൃത്വം നല്‍കുക.
വൈസ് ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം ന്യൂഡല്‍ഹിക്കു പുറമെ ഓസ്ട്രേലിയയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്ന മറ്റിടങ്ങളും സന്ദര്‍ശിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയ്ക്ക് 16 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതിനോടുള്ള പ്രതികരണം അവര്‍ വിശദമാക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നടപടിയെടുക്കാനും തങ്ങള്‍ നൂറുശതമാനം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കാനാണ് വൈസ് ചാന്‍സലര്‍മാരെയും മറ്റും ഇന്ത്യയിലേക്കയയ്ക്കുന്നതെന്ന് അടുത്തിടെ രൂപീകരിച്ച വിദ്യാഭ്യാസ ദൌത്യ സംഘം തലവന്‍ ഗ്രയീം കുക്ക് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ തങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കല്‍ക്കരി, ഇരുമ്പയിര് മേഖലകള്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയ ഏറ്റവുമധികം വിദേശനാണ്യം നേടുന്നത് വിദ്യാഭ്യാസരംഗം വഴിയാണ്. സമീപവര്‍ഷങ്ങളിലായാണ് ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മേഖല ഇത്രയും ഉയര്‍ച്ച നേടിയത്. കഴിഞ്ഞവര്‍ഷം ഈ മേഖലയിലൂടെ ഓസ്ട്രേലിയയ്ക്കുണ്ടായ വരുമാനം 1200 കോടി ഡോളറാണ്.
96000ല്‍പരം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓസ്ട്രേലിയയ്ക്കുള്ള പ്രതിവര്‍ഷവരുമാനം 350 കോടി ഡോളറാണെന്ന് അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. അതായത് ഓസ്ട്രേലിയയ്ക്ക് വിദേശ വിദ്യാര്‍ഥികളില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ നാലിലൊന്നിലേറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മേഖലകളില്‍ കൂടുതല്‍ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായി ഗ്രയീം കുക്ക് പറഞ്ഞു. കാലാനുസൃത മാറ്റങ്ങള്‍ക്ക് യോജിച്ച നിയമനിര്‍മാണം നടത്തുന്നതിനും പരമപ്രാധാന്യത്തോടെ ശ്രമിച്ചുവരികയാണ്.
'വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സേവനങ്ങള്‍' നിയമമാണ് എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വംശീയ പ്രശ്നങ്ങളും അക്രമങ്ങളും ഉണ്ടായാല്‍ പരാതിപ്പെടുന്നതിന് ഹോട്ട്ലൈന്‍ സംവിധാനം ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. പരാതിപ്പെടുന്നത്, വിദേശ വിദ്യാര്‍ഥികളുടെ വിസ പദവിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കുക്ക് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമങ്ങളുടെ സാഹചര്യത്തില്‍ തീവ്രവാദവിരുദ്ധ നിയമം പുനരവലോകനം ചെയ്യുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് ഡങ്കണ്‍ ലെവിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൌത്യസേന രൂപീകരിച്ചിട്ടുണ്ട്. വംശീയ അതിക്രമങ്ങള്‍ക്ക് പൂര്‍ണവിരാമമിടുകയാണ് ഈ നീക്കങ്ങളുടെയെല്ലാം ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല: