2009, ജൂൺ 23, ചൊവ്വാഴ്ച

ബ്രിക്ക് രാജ്യങ്ങള്‍ പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കണം: റഷ്യ

മോസ്ക്കോ: അടുത്തിടെ നടന്ന ബ്രിക്ക് ഉച്ചകോടി ചരിത്രപരവും സുപ്രധാനവുമായ സംഭവമായെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്കിന്റെ ഉച്ചകോടിക്ക് റഷ്യയാണ് ദിവസങ്ങള്‍ക്കു മുമ്പ് ആതിഥ്യം വഹിച്ചത്.പുതിയ ആഗോള സാമ്പത്തിക ക്രമത്തിന് ബ്രിക്ക് അംഗരാഷ്ട്രങ്ങള്‍ രൂപം നല്‍കണമെന്ന് മെദ്വെദേവ് പറഞ്ഞു. ഈ രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ രൂപീകരിച്ച സാമ്പത്തിക ക്രമമാണ് നിലവിലുള്ളത്. ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പുതിയ വേദി ബ്രിക്ക് ഉച്ചകോടിയോടെ പ്രാബല്യത്തിലായിരിക്കുകയാണ്.
അതുകൊണ്ടാണ് ഉച്ചകോടി സുപ്രധാന നാഴിക്കല്ലായി മാറിയത്- ടി വി അഭിമുഖത്തില്‍ മെദ്വെദേവ് ചൂണ്ടിക്കാട്ടി.ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും വലിയ രാഷ്ട്രങ്ങളാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇന്ത്യയും ചൈനയും ഏറ്റവും വലിയ രാജ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ റഷ്യയും ബ്രസീലും ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.നിലവിലുള്ള സാമ്പത്തിക ക്രമം 1930-40 കാലത്ത് രൂപീകരിക്കുമ്പോള്‍ ബ്രിക്ക് രാജ്യങ്ങള്‍ അതില്‍ ഭാഗഭാക്കായിരുന്നില്ല.
തങ്ങള്‍ക്കുമേല്‍ മറ്റാരുടെയോ ഒക്കെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇനിയും ആ സ്ഥിതി അംഗീകരിക്കാനാകില്ല. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബ്രിക്ക് രാജ്യങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലുമാകണം പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കേണ്ടത് - മെദ്വെദേവ് വ്യക്തമാക്കി.കിഴക്കന്‍ യൂറോപ്പിലെ മിസൈല്‍ പരിപാടി സംബന്ധിച്ച ആശങ്കകള്‍ അമേരിക്ക പരിഹരിച്ചാല്‍ ആണവ പോര്‍മുനകളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ തയ്യാറാണെന്ന് മെദ്വെദേവ് നേരത്തെ ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: