NEWS IN ABROAD

2009, ഡിസംബർ 22, ചൊവ്വാഴ്ച

ടൈറ്റാനില്‍ മൂടല്‍മഞ്ഞും

വാഷിങ്‌ടണ്‍: ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനില്‍ ദ്രാവകസാന്നിധ്യത്തിനു പുറമേ `മൂടല്‍മഞ്ഞും ഉണ്ടെന്നു കണ്ടെത്തി. കലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ശാസ്‌ത്രജ്‌ഞരാണു ടൈറ്റാന്റെ ദക്ഷിണധ്രുവത്തില്‍ ഏറെക്കുറെ എല്ലായിടത്തും മീതെയ്‌ന്‍ ദ്രാവകവും അതു ബാഷ്‌പീകരിച്ച മൂടല്‍മഞ്ഞു പാളികളും കണ്ടെത്തിയത്‌. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ഏറ്റവുമധികം ദ്രാവകശേഖരമുള്ളതു ടൈറ്റാനിലാണ്‌. മീതെയ്‌നും ഈതെയ്‌നുമാണ്‌ ഇതില്‍ ഏറെയും. ടൈറ്റാന്റെ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്കു വസ്‌തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിന്റെ ആദ്യ തെളിവാണൂ മൂടല്‍മഞ്ഞു പാളികളുടെ കണ്ടെത്തല്‍. ഇതുവഴി ടൈറ്റാനിലെ
ദ്രാവകചാക്രികതയും വ്യക്‌തമാവുകയാണെന്നു ശാസ്‌ത്രസംഘം വെളിപ്പെടുത്തി. നിലവില്‍ ഭൂമിയില്‍ മാത്രമേ ദ്രാവക ചാക്രികത കണ്ടെത്തിയിട്ടുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയിലെ ജിയോഫിസിക്കല്‍ യൂണിയന്‍ സമ്മേളനത്തിലാണു പഠനത്തലവന്‍ മൈക്ക്‌ ബ്രൗണും സംഘവും ഇതു വിശദീകരിച്ചത്‌.
യു എസ്‌ - യൂറോപ്യന്‍ സംയുക്‌ത സംരംഭമായ കാസിനി ബഹിരാകാശ വാഹനം ഉപയോഗിച്ചു നടത്തിയ പഠനത്തിലാണു നിര്‍ണായകമായ ഈ കണ്ടുപിടിത്തം. ടൈറ്റാനെക്കുറിച്ച്‌ അഞ്ചുവര്‍ഷമായി പഠനം നടത്തുന്ന കാസിനിയാണ്‌ അവിടെ ദ്രാവക സാന്നിധ്യം കണ്ടെത്തിയതും.

2009, ജൂലൈ 4, ശനിയാഴ്‌ച

ജാക്സന്റെ നിറം മാറ്റവും വിവാദത്തില്‍

‍ലണ്ടന്‍: തന്റെ സ്വാഭാവിക നിറമായ കറുപ്പ് നിറത്തിലേക്ക് മടങ്ങാന്‍ ജാക്സണ്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന് സുഹൃത്തും, ഹിറ്റ് വീഡിയോകളുടെ നിര്‍മ്മാതാവുമായ ക്യുന്‍സി ജോണ്‍സ് പറഞ്ഞു.
തന്റെ തൊലിയുടെ അവസ്ഥയെക്കുറിച്ച് ജാക്സണ്‍ കളളം പറയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ വെളുത്ത നിറമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. കറുത്തനിറം തന്റെ രൂപഭാവങ്ങളെയും അതുവഴി സംഗീതരംഗത്തെ ഉയര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ജാക്സണ്‍ ഭയപ്പെട്ടിരുന്നതായും ജോണ്‍സ് അഭിപ്രായപ്പെട്ടു.
വിറ്റിലിഗോ എന്ന ചര്‍മ്മരോഗത്തെ തുടര്‍ന്നാണ് ജാക്സന്റെ കറുത്തനിറം മാറി വെളുത്തനിറമായതെന്നായിരുന്നു ഇതുവരെയുളള വിശ്വാസം. എന്നാല്‍ സുഹൃത്തിന്റെ വെളിപ്പെടുത്തലോടെ ജാക്സന്റെ നിറംമാറ്റത്തെക്കുറിച്ചും വിവാദങ്ങളുയരുകയാണ്.
ബിഗ് ബ്രദര്‍ ഷോ: ദസാരി പുറത്ത്

ലണ്ടന്‍: റിയാലിറ്റിഷോയായ ബിഗ്ബ്രദര്‍ ഷോയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥി ശ്രീ ദസാരി പുറത്തായി. ഹെര്‍ട്ഫോര്‍ട്ഷെയര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായ ദസാരിയെ പുറത്താക്കണമെന്ന് 10ല്‍ ഒമ്പത് വോട്ടര്‍മാരും ആവശ്യപ്പെടുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് ബിഗ് ബ്രദര്‍ ഹൌസില്‍ നിന്നും പോകുന്നതെന്ന് ചടങ്ങിനു ശേഷം ദസാരി അറിയിച്ചു. സഹമത്സരാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന അദ്ദേഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്.
ഷോ ഹൌസില്‍ തനിക്കൊപ്പം താമസിക്കുന്നവര്‍ കള്ളനെന്ന് വിളിച്ചെന്നാരോപിച്ച് അദ്ദേഹം നേരത്തെ തന്നെ ഷോയില്‍ നിന്നും മാറണമെന്ന് അറിയിച്ചിരുന്നു. റഷ്യന്‍ ബോക്സര്‍ ഏഞ്ചലിന്റെ ആഴ്ച വിഹതമായ മദ്യം ചോദിക്കാതെ എടുത്തു എന്ന് ആരോപിച്ചാണ് ദസാരിയെ സഹവാസികള്‍ കള്ളനെന്ന് വിളിച്ചത്.
എന്നാല്‍ ദസാരി ഈ ആരോപണം നിഷേധിച്ചു. കാമുകിയെന്ന് ദസാരി അവകാശപ്പെടുന്ന ഐറിഷ് അത്ലെറ്റ് നോറിയാണ് ആരോപണവുമായി രംഗത്ത് വന്നത്.

2009, ജൂലൈ 3, വെള്ളിയാഴ്‌ച


യൂറോപ്പില്‍ ചെറുകിട വിപണനമേഖല

വീണ്ടും തളര്‍ന്നു


ലണ്ടന്‍: യൂമറാപ്യന്‍ യൂണിയന്‍ മേഖലയിലെ ചെറുകിട വില്പന മേഖലയില്‍വന്‍ ഇടിവ്. ഏപ്രിലില്‍ നേരിയ പുരോഗതി കാണിച്ച ഈ മേഖലയില്‍ വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. കഴിഞ്ഞ മേയില്‍ 3.3 ശതമാനം തളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്തമാന്ദ്യം കമ്പോളത്തില്‍ നേരത്തേതന്നെ പ്രകടമായിരുന്നു.

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കള്‍ കമ്പോളത്തില്‍ കൂടുതലായി പണം ചലവിട്ടത് ചെറിയ പ്രതീക്ഷ നല്‍കുകയായിരുന്നു. മാര്‍ച്ചില്‍ 0.4 ശതമാനത്തിന്റെയും ഏപ്രിലില്‍ 0.1 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായതോടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ച പ്രതീതിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

പലിശനിരക്കുകള്‍ വെട്ടിക്കുറച്ച ബാങ്കുകളില്‍ ചിലത് ചെറിയതോതില്‍ പലിശ ഉയര്‍ത്തിയത് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. പക്ഷേ മേയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍മാസങ്ങളിലുണ്ടായ നേരിയ പുരോഗതിയില്‍നിന്നും വന്‍ പതനമാണ് ഇപ്പോഴുണ്ടായത്. ജൂണിലെ കണക്കുകള്‍കൂടി പുറത്തുവരുന്നതോടെ വീഴ്ചയുടെ ആഘാതം വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 1999 ല്‍ യൂറോ നിവില്‍വന്നശേഷമുള്ള ഏറ്റവും മോശമായ കണക്കായിരിക്കും ജൂണിന് പറയാനുണ്ടാവുക. ചരിത്രത്തില്‍ ആധ്യമായി പൂജ്യത്തിനുതാഴേക്ക് ഗ്രാഫ് പോയത്തിന് ജൂണ്‍ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഡൈവാ സെക്യൂരിറ്റീസിലെ എക്കണോമിസ്റ്റ് കോളിന്‍ എലിസ് പറയുന്നു. മേയില്‍തന്നെ പണപ്പെരുപ്പം പൂജ്യത്തിലെത്തിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍നഷ്ടം ഉയര്‍ന്നുതന്നെ പോകുന്നതാണ് പ്രധാന തിരിച്ചടി. വ്യക്തികള്‍ കമ്പോളത്തില്‍ ചെലവിടുന്ന പണത്തിന്റെ അളവ് കുറയാന്‍ ഇതാണ് പ്രധാന കാരണം. വില കുറഞ്ഞ സമയത്ത് തങ്ങളുടെ കരുതല്‍ ധനം ചെലവിട്ട ഉപഭോക്താക്കള്‍ ഇപ്പോള്‍ അതിലും കുറവുവരുത്തിയിരിക്കയാണ്.

ശ്രീലങ്കയില്‍ ചൈനക്ക് 'സെസ്'

ബെയ്ജിംഗ്: ശ്രീലങ്കയില്‍ വന്‍ മുതല്‍മുടക്കിനൊരുങ്ങുന്ന ചൈനീസ് വ്യവസായികള്‍ക്കായി സ്പെഷ്യല്‍ എക്കണോമിക് സോണ്‍ വരുന്നു. കൊളംബോയിലാണ് ഈ സോണ്‍ നിലവില്‍വരുന്നത്. ഹോങ്കോംഗ് ആസ്ഥാനമായ കോണ്‍ഗ്ളോമെററ്റ് ഹൂയിചെന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ആയിരിക്കും ഇവിടത്തെ പ്രധാന ഇന്‍വെസ്റ്റര്‍.
ചൈനീസ് സന്ദര്‍ശനവേളയില്‍ സര്‍ക്കാരുമായും മറ്റും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി റോഹിത ബോഗോല്ലഗമ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യന്തരയുദ്ഖത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള വാതിലാണ് ചൈനീസ് നിക്ഷേപത്തോടെ തുറന്നുകിട്ടുന്നത്.
ലോകശക്തികളില്‍ നിര്‍ണായക സ്ഥാനമാണ് ചൈനയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ചെനയുമായി കൂടുതല്‍ സഹകരിച്ചുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് റോഹിത പറഞ്ഞു. പക്ഷേ ഇന്ത്യയുമായുള് സഹകരണത്തെ ഇത് പ്രതികൂലമായി ബാധിക്കില്ല. റയില്‍വേ പാളങ്ങള്‍ രണ്ടും സമാന്തരമായി നീണ്ടുപോകുന്നതുപോലെയായിരിക്കും ഇരു രാജ്യങ്ങളുമായുള്ള ശ്രീലങ്കയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 28 മില്ല്യണ്‍ ഡോളറാണ് ആദ്യഘട്ടത്തില്‍ ഹൂയിചെന്‍ ശ്രീലങ്കയില്‍ മുതല്‍ മുടക്കുന്നത്. കൊളംബോയിലെ മിരിഗമയിലാണ് ഇപ്പോള്‍ സ്പെഷ്യല്‍ എക്കണോമിക് സോണിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്ിറി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്നും 40 കിലോമ്ീററും പ്രധാന തുറമുഖത്തില്‍നിന്നും 55 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
ഇതോകൊപ്പം ഹംബന്‍ടോട തുറമുഖ വികസനത്തിനായി ചൈനീസ് ബാങ്കായ എക്സിം 360 ഡോളറിന്റെ വായ്പയും ലഭ്യമാക്കുന്നുണ്ട്. നോറോചോളൈ വൈദ്യൂതി നിലയത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 891 മില്ല്യണ്‍ ഡോളര്‍ രണ്ട് പലിശക്ക് ലഭ്യമാക്കാമെന്ന വാഗ്ദാനവും ചൈന നല്‍കിയിട്ടുണ്ട്. 900 മെഗാവാട്ട് ആണ് വൈദ്യൂതി നിലയത്തിന്റെ ഉത്പാദന ശേഷി.

2009, ജൂലൈ 2, വ്യാഴാഴ്‌ച

വയാഗ്ര ഹൃദ്രോഗത്തിനും മരുന്ന്

ലണ്ടന്‍: ഉത്തേജക ഔഷധമായ വയാഗ്ര ഹൃദ്രോഗത്തിനും മരുന്നായി ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. ലണ്ടനില്‍ ഹൃദ്രോഗിയായ 11 മാസം പ്രായമുള്ള കുഞ്ഞിനാണ് അമിതഡോസിലുള്ള വയാഗ്ര ജീവന്‍രക്ഷാ ഔഷധമായത്. ആദ്യ പിറന്നാള്‍ ആഘേഠാഷിക്കാന്‍ രണ്ടാഴ്ചമാത്രം ശേഷിക്കുന്ന കുഞ്ഞ് ആല്‍ഫി ഒലിവറിനാണ് വയാഗ്ര മരുന്നായി നല്‍കിയത്. ദ്രവ രൂപത്തിലുള്ള വയാഗ്ര ഒരു ദിവസം ആറ് ഡോസ് എന്ന കണക്കിനാണ് ഇംഗ്ളണ്ടിലെ ഡോക്ടര്‍മാര്‍ ആല്‍ഫി ഒലിവറിന് നല്‍കിയത്.
ജന്‍മനാതന്നെ രക്തധമനികളിലുള്ള കൂഴപ്പമാണ് 11 മാസം പ്രായമുള്ളപ്പോള്‍ ആല്‍ഫിക്ക് ഹൃദ്രോഗമുണ്ടാക്കിയത്. രക്തധമനികള്‍ പരസ്പരം സ്ഥാനം തെറ്റിക്കിടക്കുന്നതാണ് പ്രശ്നം. വളരെ അപൂര്‍വംപേരില്‍ മാത്രം കാണുന്ന രോഗമാണിത്. റെയില്‍ തൊഴിലാളിയായ ഇരുത്തിയെട്ടുകാരന്‍ റോബിന്റെയും ഇരുപത്താറുകാരി ട്രേസിയുടെയും മകനായ ആല്‍ഫിക്ക് മൂന്ന് മാസം പ്രയമുള്ളപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.
ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച ആല്‍ഫി അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്ത ധമനികളെ വികസിപ്പിച്ച് അതിലൂടെയുള്ള രക്തസഞ്ചാരം സുഗമമാക്കാനാണ് വയാഗ്ര ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ തീരുമാനം ആദ്യം തങ്ങളെ ഞെട്ടിച്ചതായി മാതാവ് യോര്‍ക്ക് സ്വദേശിയായ ട്രേസി പറഞ്ഞതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി വിട്ട ആല്‍ഫി ഇപ്പോള്‍ നടക്കാന്‍ പഠിക്കുകയാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
എങ്കിലും ആല്‍ഫിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമല്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിലെ രക്തയോട്ടം സാധാരണ മനുഷ്യരിലേതുപോലെ ആക്കാന്‍ ഹൃദയത്തിനും ശ്വാസകോശത്തിനും അധികം താമസിയാതെതന്നെ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
നേപ്പാളില്‍നിന്നും സര്‍ക്കസ് കമ്പനികള്‍
വിലയ്ക്ക് വാങ്ങിയത് 500 കുട്ടികളെ

കാഠ്മണ്ഡു: കടുത്ത ദാരിദ്യ്രം മറികടക്കാനയി ഇന്ത്യന്‍ സര്‍ക്കസ് കമ്പനികള്‍ക്ക് കഴിഞ്ഞവര്‍ഷം മാത്രം നേപ്പാളികള്‍ വിറ്റത് 500 കുട്ടികളെ. യാതൊരു രേഖകളുമില്ലാതെയാണ് 14 വയസിനു താഴെയുള്ള ഈ കുട്ടികളെ വിറ്റതെന്ന് നേപ്പാള്‍ നാഷണല്‍ ന്യൂസ് ഏജന്‍സി ആര്‍ എസ് എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേപ്പാള്‍ സെന്‍ട്രല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറാക്കിയ നേപ്പാള്‍ കുട്ടികളുടെ അവസ്ഥ - 2008 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ന്യൂസ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. കിഴക്കന്‍ മേഖലയിലെ ജില്ലകളായ ബാറാ, മക്വന്‍പൂര്‍, ചിറ്റ്വാന്‍, ജനക്പൂര്‍, പാവല്‍പരസി, മൊറാംഗ്, ഉദയപൂര്‍, സര്‍ലാഹി, ഇലാം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കുട്ടികളെ സര്‍ക്കസ് കമ്പനികള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.
ഇതിന് കുട്ടികളുടെ മാതാപിതാക്കള്‍ കൈ നിറയെ പണവും വാങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്ക് 114 മുതല്‍ 143 വരെ ഡോളറാണ് വിലയായി നല്‍കിയിട്ടുള്ളത്. വിലകൊടുത്തു വാങ്ങുന്നതിനാല്‍ സര്‍ക്കസ് കമ്പനികളില്‍ ഈ കുട്ടികള്‍ക്ക് പ്രതിഫലവും ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
2004 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് 217 നേപ്പാള്‍ കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 292 കുട്ടികളെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.