2009, ഡിസംബർ 22, ചൊവ്വാഴ്ച

ടൈറ്റാനില്‍ മൂടല്‍മഞ്ഞും

വാഷിങ്‌ടണ്‍: ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനില്‍ ദ്രാവകസാന്നിധ്യത്തിനു പുറമേ `മൂടല്‍മഞ്ഞും ഉണ്ടെന്നു കണ്ടെത്തി. കലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ശാസ്‌ത്രജ്‌ഞരാണു ടൈറ്റാന്റെ ദക്ഷിണധ്രുവത്തില്‍ ഏറെക്കുറെ എല്ലായിടത്തും മീതെയ്‌ന്‍ ദ്രാവകവും അതു ബാഷ്‌പീകരിച്ച മൂടല്‍മഞ്ഞു പാളികളും കണ്ടെത്തിയത്‌. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ഏറ്റവുമധികം ദ്രാവകശേഖരമുള്ളതു ടൈറ്റാനിലാണ്‌. മീതെയ്‌നും ഈതെയ്‌നുമാണ്‌ ഇതില്‍ ഏറെയും. ടൈറ്റാന്റെ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്കു വസ്‌തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിന്റെ ആദ്യ തെളിവാണൂ മൂടല്‍മഞ്ഞു പാളികളുടെ കണ്ടെത്തല്‍. ഇതുവഴി ടൈറ്റാനിലെ
ദ്രാവകചാക്രികതയും വ്യക്‌തമാവുകയാണെന്നു ശാസ്‌ത്രസംഘം വെളിപ്പെടുത്തി. നിലവില്‍ ഭൂമിയില്‍ മാത്രമേ ദ്രാവക ചാക്രികത കണ്ടെത്തിയിട്ടുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയിലെ ജിയോഫിസിക്കല്‍ യൂണിയന്‍ സമ്മേളനത്തിലാണു പഠനത്തലവന്‍ മൈക്ക്‌ ബ്രൗണും സംഘവും ഇതു വിശദീകരിച്ചത്‌.
യു എസ്‌ - യൂറോപ്യന്‍ സംയുക്‌ത സംരംഭമായ കാസിനി ബഹിരാകാശ വാഹനം ഉപയോഗിച്ചു നടത്തിയ പഠനത്തിലാണു നിര്‍ണായകമായ ഈ കണ്ടുപിടിത്തം. ടൈറ്റാനെക്കുറിച്ച്‌ അഞ്ചുവര്‍ഷമായി പഠനം നടത്തുന്ന കാസിനിയാണ്‌ അവിടെ ദ്രാവക സാന്നിധ്യം കണ്ടെത്തിയതും.

2009, ജൂലൈ 4, ശനിയാഴ്‌ച

ജാക്സന്റെ നിറം മാറ്റവും വിവാദത്തില്‍

‍ലണ്ടന്‍: തന്റെ സ്വാഭാവിക നിറമായ കറുപ്പ് നിറത്തിലേക്ക് മടങ്ങാന്‍ ജാക്സണ്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന് സുഹൃത്തും, ഹിറ്റ് വീഡിയോകളുടെ നിര്‍മ്മാതാവുമായ ക്യുന്‍സി ജോണ്‍സ് പറഞ്ഞു.
തന്റെ തൊലിയുടെ അവസ്ഥയെക്കുറിച്ച് ജാക്സണ്‍ കളളം പറയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ വെളുത്ത നിറമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. കറുത്തനിറം തന്റെ രൂപഭാവങ്ങളെയും അതുവഴി സംഗീതരംഗത്തെ ഉയര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ജാക്സണ്‍ ഭയപ്പെട്ടിരുന്നതായും ജോണ്‍സ് അഭിപ്രായപ്പെട്ടു.
വിറ്റിലിഗോ എന്ന ചര്‍മ്മരോഗത്തെ തുടര്‍ന്നാണ് ജാക്സന്റെ കറുത്തനിറം മാറി വെളുത്തനിറമായതെന്നായിരുന്നു ഇതുവരെയുളള വിശ്വാസം. എന്നാല്‍ സുഹൃത്തിന്റെ വെളിപ്പെടുത്തലോടെ ജാക്സന്റെ നിറംമാറ്റത്തെക്കുറിച്ചും വിവാദങ്ങളുയരുകയാണ്.
ബിഗ് ബ്രദര്‍ ഷോ: ദസാരി പുറത്ത്

ലണ്ടന്‍: റിയാലിറ്റിഷോയായ ബിഗ്ബ്രദര്‍ ഷോയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥി ശ്രീ ദസാരി പുറത്തായി. ഹെര്‍ട്ഫോര്‍ട്ഷെയര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായ ദസാരിയെ പുറത്താക്കണമെന്ന് 10ല്‍ ഒമ്പത് വോട്ടര്‍മാരും ആവശ്യപ്പെടുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് ബിഗ് ബ്രദര്‍ ഹൌസില്‍ നിന്നും പോകുന്നതെന്ന് ചടങ്ങിനു ശേഷം ദസാരി അറിയിച്ചു. സഹമത്സരാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന അദ്ദേഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്.
ഷോ ഹൌസില്‍ തനിക്കൊപ്പം താമസിക്കുന്നവര്‍ കള്ളനെന്ന് വിളിച്ചെന്നാരോപിച്ച് അദ്ദേഹം നേരത്തെ തന്നെ ഷോയില്‍ നിന്നും മാറണമെന്ന് അറിയിച്ചിരുന്നു. റഷ്യന്‍ ബോക്സര്‍ ഏഞ്ചലിന്റെ ആഴ്ച വിഹതമായ മദ്യം ചോദിക്കാതെ എടുത്തു എന്ന് ആരോപിച്ചാണ് ദസാരിയെ സഹവാസികള്‍ കള്ളനെന്ന് വിളിച്ചത്.
എന്നാല്‍ ദസാരി ഈ ആരോപണം നിഷേധിച്ചു. കാമുകിയെന്ന് ദസാരി അവകാശപ്പെടുന്ന ഐറിഷ് അത്ലെറ്റ് നോറിയാണ് ആരോപണവുമായി രംഗത്ത് വന്നത്.

2009, ജൂലൈ 3, വെള്ളിയാഴ്‌ച


യൂറോപ്പില്‍ ചെറുകിട വിപണനമേഖല

വീണ്ടും തളര്‍ന്നു


ലണ്ടന്‍: യൂമറാപ്യന്‍ യൂണിയന്‍ മേഖലയിലെ ചെറുകിട വില്പന മേഖലയില്‍വന്‍ ഇടിവ്. ഏപ്രിലില്‍ നേരിയ പുരോഗതി കാണിച്ച ഈ മേഖലയില്‍ വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. കഴിഞ്ഞ മേയില്‍ 3.3 ശതമാനം തളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്തമാന്ദ്യം കമ്പോളത്തില്‍ നേരത്തേതന്നെ പ്രകടമായിരുന്നു.

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കള്‍ കമ്പോളത്തില്‍ കൂടുതലായി പണം ചലവിട്ടത് ചെറിയ പ്രതീക്ഷ നല്‍കുകയായിരുന്നു. മാര്‍ച്ചില്‍ 0.4 ശതമാനത്തിന്റെയും ഏപ്രിലില്‍ 0.1 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായതോടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ച പ്രതീതിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

പലിശനിരക്കുകള്‍ വെട്ടിക്കുറച്ച ബാങ്കുകളില്‍ ചിലത് ചെറിയതോതില്‍ പലിശ ഉയര്‍ത്തിയത് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. പക്ഷേ മേയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍മാസങ്ങളിലുണ്ടായ നേരിയ പുരോഗതിയില്‍നിന്നും വന്‍ പതനമാണ് ഇപ്പോഴുണ്ടായത്. ജൂണിലെ കണക്കുകള്‍കൂടി പുറത്തുവരുന്നതോടെ വീഴ്ചയുടെ ആഘാതം വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 1999 ല്‍ യൂറോ നിവില്‍വന്നശേഷമുള്ള ഏറ്റവും മോശമായ കണക്കായിരിക്കും ജൂണിന് പറയാനുണ്ടാവുക. ചരിത്രത്തില്‍ ആധ്യമായി പൂജ്യത്തിനുതാഴേക്ക് ഗ്രാഫ് പോയത്തിന് ജൂണ്‍ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഡൈവാ സെക്യൂരിറ്റീസിലെ എക്കണോമിസ്റ്റ് കോളിന്‍ എലിസ് പറയുന്നു. മേയില്‍തന്നെ പണപ്പെരുപ്പം പൂജ്യത്തിലെത്തിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍നഷ്ടം ഉയര്‍ന്നുതന്നെ പോകുന്നതാണ് പ്രധാന തിരിച്ചടി. വ്യക്തികള്‍ കമ്പോളത്തില്‍ ചെലവിടുന്ന പണത്തിന്റെ അളവ് കുറയാന്‍ ഇതാണ് പ്രധാന കാരണം. വില കുറഞ്ഞ സമയത്ത് തങ്ങളുടെ കരുതല്‍ ധനം ചെലവിട്ട ഉപഭോക്താക്കള്‍ ഇപ്പോള്‍ അതിലും കുറവുവരുത്തിയിരിക്കയാണ്.

ശ്രീലങ്കയില്‍ ചൈനക്ക് 'സെസ്'

ബെയ്ജിംഗ്: ശ്രീലങ്കയില്‍ വന്‍ മുതല്‍മുടക്കിനൊരുങ്ങുന്ന ചൈനീസ് വ്യവസായികള്‍ക്കായി സ്പെഷ്യല്‍ എക്കണോമിക് സോണ്‍ വരുന്നു. കൊളംബോയിലാണ് ഈ സോണ്‍ നിലവില്‍വരുന്നത്. ഹോങ്കോംഗ് ആസ്ഥാനമായ കോണ്‍ഗ്ളോമെററ്റ് ഹൂയിചെന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ആയിരിക്കും ഇവിടത്തെ പ്രധാന ഇന്‍വെസ്റ്റര്‍.
ചൈനീസ് സന്ദര്‍ശനവേളയില്‍ സര്‍ക്കാരുമായും മറ്റും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി റോഹിത ബോഗോല്ലഗമ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യന്തരയുദ്ഖത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള വാതിലാണ് ചൈനീസ് നിക്ഷേപത്തോടെ തുറന്നുകിട്ടുന്നത്.
ലോകശക്തികളില്‍ നിര്‍ണായക സ്ഥാനമാണ് ചൈനയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ചെനയുമായി കൂടുതല്‍ സഹകരിച്ചുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് റോഹിത പറഞ്ഞു. പക്ഷേ ഇന്ത്യയുമായുള് സഹകരണത്തെ ഇത് പ്രതികൂലമായി ബാധിക്കില്ല. റയില്‍വേ പാളങ്ങള്‍ രണ്ടും സമാന്തരമായി നീണ്ടുപോകുന്നതുപോലെയായിരിക്കും ഇരു രാജ്യങ്ങളുമായുള്ള ശ്രീലങ്കയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 28 മില്ല്യണ്‍ ഡോളറാണ് ആദ്യഘട്ടത്തില്‍ ഹൂയിചെന്‍ ശ്രീലങ്കയില്‍ മുതല്‍ മുടക്കുന്നത്. കൊളംബോയിലെ മിരിഗമയിലാണ് ഇപ്പോള്‍ സ്പെഷ്യല്‍ എക്കണോമിക് സോണിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്ിറി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്നും 40 കിലോമ്ീററും പ്രധാന തുറമുഖത്തില്‍നിന്നും 55 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
ഇതോകൊപ്പം ഹംബന്‍ടോട തുറമുഖ വികസനത്തിനായി ചൈനീസ് ബാങ്കായ എക്സിം 360 ഡോളറിന്റെ വായ്പയും ലഭ്യമാക്കുന്നുണ്ട്. നോറോചോളൈ വൈദ്യൂതി നിലയത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 891 മില്ല്യണ്‍ ഡോളര്‍ രണ്ട് പലിശക്ക് ലഭ്യമാക്കാമെന്ന വാഗ്ദാനവും ചൈന നല്‍കിയിട്ടുണ്ട്. 900 മെഗാവാട്ട് ആണ് വൈദ്യൂതി നിലയത്തിന്റെ ഉത്പാദന ശേഷി.

2009, ജൂലൈ 2, വ്യാഴാഴ്‌ച

വയാഗ്ര ഹൃദ്രോഗത്തിനും മരുന്ന്

ലണ്ടന്‍: ഉത്തേജക ഔഷധമായ വയാഗ്ര ഹൃദ്രോഗത്തിനും മരുന്നായി ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. ലണ്ടനില്‍ ഹൃദ്രോഗിയായ 11 മാസം പ്രായമുള്ള കുഞ്ഞിനാണ് അമിതഡോസിലുള്ള വയാഗ്ര ജീവന്‍രക്ഷാ ഔഷധമായത്. ആദ്യ പിറന്നാള്‍ ആഘേഠാഷിക്കാന്‍ രണ്ടാഴ്ചമാത്രം ശേഷിക്കുന്ന കുഞ്ഞ് ആല്‍ഫി ഒലിവറിനാണ് വയാഗ്ര മരുന്നായി നല്‍കിയത്. ദ്രവ രൂപത്തിലുള്ള വയാഗ്ര ഒരു ദിവസം ആറ് ഡോസ് എന്ന കണക്കിനാണ് ഇംഗ്ളണ്ടിലെ ഡോക്ടര്‍മാര്‍ ആല്‍ഫി ഒലിവറിന് നല്‍കിയത്.
ജന്‍മനാതന്നെ രക്തധമനികളിലുള്ള കൂഴപ്പമാണ് 11 മാസം പ്രായമുള്ളപ്പോള്‍ ആല്‍ഫിക്ക് ഹൃദ്രോഗമുണ്ടാക്കിയത്. രക്തധമനികള്‍ പരസ്പരം സ്ഥാനം തെറ്റിക്കിടക്കുന്നതാണ് പ്രശ്നം. വളരെ അപൂര്‍വംപേരില്‍ മാത്രം കാണുന്ന രോഗമാണിത്. റെയില്‍ തൊഴിലാളിയായ ഇരുത്തിയെട്ടുകാരന്‍ റോബിന്റെയും ഇരുപത്താറുകാരി ട്രേസിയുടെയും മകനായ ആല്‍ഫിക്ക് മൂന്ന് മാസം പ്രയമുള്ളപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.
ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച ആല്‍ഫി അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്ത ധമനികളെ വികസിപ്പിച്ച് അതിലൂടെയുള്ള രക്തസഞ്ചാരം സുഗമമാക്കാനാണ് വയാഗ്ര ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ തീരുമാനം ആദ്യം തങ്ങളെ ഞെട്ടിച്ചതായി മാതാവ് യോര്‍ക്ക് സ്വദേശിയായ ട്രേസി പറഞ്ഞതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി വിട്ട ആല്‍ഫി ഇപ്പോള്‍ നടക്കാന്‍ പഠിക്കുകയാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
എങ്കിലും ആല്‍ഫിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമല്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിലെ രക്തയോട്ടം സാധാരണ മനുഷ്യരിലേതുപോലെ ആക്കാന്‍ ഹൃദയത്തിനും ശ്വാസകോശത്തിനും അധികം താമസിയാതെതന്നെ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
നേപ്പാളില്‍നിന്നും സര്‍ക്കസ് കമ്പനികള്‍
വിലയ്ക്ക് വാങ്ങിയത് 500 കുട്ടികളെ

കാഠ്മണ്ഡു: കടുത്ത ദാരിദ്യ്രം മറികടക്കാനയി ഇന്ത്യന്‍ സര്‍ക്കസ് കമ്പനികള്‍ക്ക് കഴിഞ്ഞവര്‍ഷം മാത്രം നേപ്പാളികള്‍ വിറ്റത് 500 കുട്ടികളെ. യാതൊരു രേഖകളുമില്ലാതെയാണ് 14 വയസിനു താഴെയുള്ള ഈ കുട്ടികളെ വിറ്റതെന്ന് നേപ്പാള്‍ നാഷണല്‍ ന്യൂസ് ഏജന്‍സി ആര്‍ എസ് എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേപ്പാള്‍ സെന്‍ട്രല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറാക്കിയ നേപ്പാള്‍ കുട്ടികളുടെ അവസ്ഥ - 2008 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ന്യൂസ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. കിഴക്കന്‍ മേഖലയിലെ ജില്ലകളായ ബാറാ, മക്വന്‍പൂര്‍, ചിറ്റ്വാന്‍, ജനക്പൂര്‍, പാവല്‍പരസി, മൊറാംഗ്, ഉദയപൂര്‍, സര്‍ലാഹി, ഇലാം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കുട്ടികളെ സര്‍ക്കസ് കമ്പനികള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.
ഇതിന് കുട്ടികളുടെ മാതാപിതാക്കള്‍ കൈ നിറയെ പണവും വാങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്ക് 114 മുതല്‍ 143 വരെ ഡോളറാണ് വിലയായി നല്‍കിയിട്ടുള്ളത്. വിലകൊടുത്തു വാങ്ങുന്നതിനാല്‍ സര്‍ക്കസ് കമ്പനികളില്‍ ഈ കുട്ടികള്‍ക്ക് പ്രതിഫലവും ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
2004 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് 217 നേപ്പാള്‍ കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 292 കുട്ടികളെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

2009, ജൂലൈ 1, ബുധനാഴ്‌ച

വിമാനകമ്പനികളുടെ വിശ്വാസ്യത
പരിശോധിക്കണമെന്ന്
യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ്:തുടര്‍ച്ചയായി വിമാനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആഗോള വിമാന കമ്പനികളുടെ വിശ്വാസ്യത പരിശോധിക്കേണ്ട സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍.
വിമാനങ്ങളിലെ സുരക്ഷാ സൌകര്യങ്ങള്‍ ഉറപ്പ് വരുത്താത്ത വിമാന സര്‍വീസ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഗതാഗത കമ്മിഷണര്‍ അന്റോണിയോ തജാനി ആവശ്യപ്പെട്ടു.
ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണ യമന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സിന്റെ സിഗ്നലുകള്‍ ലഭിച്ചതായി തിരച്ചില്‍ സംഘം അറിയിച്ചു.
കാമറോസ് തീരത്തിന് 40 കിലോമീറ്റര്‍ അകലെ നിന്നുമാണ് ബ്ളാക് ബോക്സ് സിഗ്നലുകള്‍ ലഭിച്ചത്. ഫ്രഞ്ച് തിരച്ചില്‍ സംഘം സിഗ്നല്‍ ലഭിച്ച മേഖലയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 153 യാത്രക്കാരുമായി ചൊവ്വാഴ്ചയാണ് യമന്‍ വിമാനം കാമറോസിന് സമീപത്ത് വച്ച് സമുദ്രത്തില്‍ പതിച്ചത്.
മോറോണിയിലെ പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്തുന്ന യമന്‍ സംഘത്തിനൊപ്പം ബുധനാഴ്ചയാണ് ഫ്രഞ്ച് സംഘവും ചേര്‍ന്നത്. യമന്‍ വിമാനത്തിലുണ്ടായിരുന്ന 153 പേരില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാന്‍ സാധിച്ചത്. അഞ്ചുവയസുകാരിയാണ് രക്ഷപെട്ടതെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചത്.

2009, ജൂൺ 30, ചൊവ്വാഴ്ച

ജാക്സന്റെ ജനനവും മരണവും
ഇംഗ്ളണ്ടിന്റെ
സാമ്പത്തിക തകര്‍ച്ചയും
ലണ്ടന്‍: പോപ് സംഗീതലേകാത്തെ രാജാവായ മൈക്കല്‍ ജോ ജാക്സണും ഇംഗ്ളണ്ടിന്റെ സാമ്പത്തിക സ്ഥിതിയും തമ്മില്‍ ബന്ധമുണ്ടോ? ഒറ്റനോട്ടത്തില്‍ ഇല്ലെന്നു ആര്‍ക്കും പറയാനാവും. പക്ഷേ ബ്രട്ടീഷുകാരുടെ അവസ്ഥ അതല്ല.
തങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീത ചക്രവര്‍ത്തിയുടെ ജനന, മരണ വര്‍ഷങ്ങള്‍ അവര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. രാജ്യം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയ വര്‍ഷങ്ങളിലാണ് ഇവ സംഭവിച്ചത് എന്നതിനാലാണത്.
1958 ലാണ് ഇതിനുമുമ്പ് ഇംഗ്ളണ്ട് കണ്ട ഏറ്റവും മോശമായ സാമ്പത്തിക കാലാവസ്ഥ. അതേവര്‍ഷമാണ് മൈക്കല്‍ ജാക്സണ്‍ ജനിച്ചത്. അന്നത്തേക്കാള്‍ മോശം പരിതസ്ഥിതിയിലാണ് ബ്രിട്ടന്‍ ഇപ്പോള്‍. മൈക്കല്‍ ജാക്സണ്‍ ഓര്‍മ്മയായതും ഈ വര്‍ഷമാണെന്നത് യാദൃച്ഛികമാവാം.
നടപ്പ് വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ യു കെയുടെ സാമ്പത്തിക നില 2.4 ശതമാനംകണ്ട് കുറഞ്ഞത്. 1958 നുശേഷം രാജ്യത്ത് ഇത്രയും പരിതാപകരമായ ഇടിവുണ്ടാകുന്നത് ഇത് ആദ്യമായാണ്. ഓഫീസ് ഫോര്‍ നാകഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രവചിച്ചതിലും 1.9 ശതമാനംകണ്ടാണ് ജി ഡി പി ചുരുങ്ങിയത്.
നിര്‍മ്മാണമേഖലയില്‍ 6.9 ശതമാനത്തിന്റെയും സര്‍വീസ് മേഖലയില്‍ 1.6 ശതമാനത്തിന്റെയും കുറവ് ആദ്യപാദത്തിലുണ്ടായി. ഹൌസ്ഹോള്‍ഡ് സേവിംഗ്സ് മൂന്ന് ശതമാനമാണ് കുറഞ്ഞത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ബ്രിട്ടന്‍ കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് കഴിഞ്ഞമാസം അവസാനം പ്രസ്താവിച്ചിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുന്നുവെന്നാണ് ധനകാര്യവിദഗ്ദ്ധര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് തൊഴില്‍നഷ്ടമായവര്‍ ഇപ്പോഴും തൊഴില്‍രഹിതരായി തുടരുകയാണ്. ഇവരുടെ സംഖ്യ ദിനംപ്രതി കൂടിവരുകയും ചെയ്യുന്നു. ഇതാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാലതാമസം ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2009, ജൂൺ 29, തിങ്കളാഴ്‌ച

ബാങ്കുകളെ സഹായിക്കാന്‍ സ്പെയിനിന്
9 ബില്ലണ്‍ യൂറോയുടെ പദ്ധതി

മാഡ്രിഡ്: ആഗോള പ്രതിസന്ധിയില്‍ തകര്‍ന്ന ബാങ്കുകള്‍ക്ക് സഹായമെത്തിക്കാനായി സ്പെയില്‍ 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചു. ബാങ്കുകളുടെ ലയനത്തിനോ പുന'സംഘടനയ്ക്കോ പുതിയ മുതല്‍മുടക്ക് കണ്ടെത്തുന്നതിനോ ഇതില്‍നിന്നു സഹായം ലഭ്യമാക്കുമെന്ന് സ്പെയിന്‍ ധനമന്ത്രി ഏലനാ സല്‍ഗാഡോ അറിയിച്ചു.
തുടക്കമെന്ന നിലയിലാണ് 9 ബില്ല്യണ്‍ യൂറോയുടെ ഫണ്ട് പ്രഖ്യാപിച്ചത്. ആവശ്യമെന്നു കണ്ടാല്‍ ഇത് 90 ബില്ല്യണ്‍ യുറോയുടെവരെ ഫണ്ടാക്കി മാറ്റുമെന്നും എലനാ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ബാങ്കുകള്‍ക്ക് പുറത്തുവരാന്‍ പറ്റിയ സമയമാണിതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. കുറഞ്ഞപക്ഷം പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള മികച്ചസമയം ഇതുതന്നെയാകും.
സ്പെയിനിലെ ഭൂരിപക്ഷം ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് തങ്ങളുടെ മൂലധനം നിക്ഷേപിച്ചത്. സാമ്പത്തിക പ്രതിസന്ധിഴയെ തുടര്‍ന്ന് വസ്തുവിനും വീടിനും വില കുത്തനെ ഇടിഞ്ഞതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോതും വര്‍ധിക്കാന്‍ ഇത് ഇടയാക്കി.
പ്രതിസന്ധിയിലായ കാജാ കാസ്റ്റില ബാങ്കിന് സ്പെയിന്‍ നേരത്തേ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചോടെ ബാങ്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സന്റ്റന്‍ഡര്‍, ബി ബി വി എ അടക്കമുള്ള മറ്റ് ബാങ്കുകള്‍ക്കും സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബെല്‍ജിയന്‍ കപ്പല്‍ വിട്ടയച്ചു
ബ്രസല്‍സ്: ബെല്‍ജിയന്‍ ഉടമസ്ഥതയിലുള്ള എ വി പോംപി എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചതായി ബെല്‍ജിയന്‍ പ്രധാനമന്ത്രി ഹെര്‍മന്‍ വാന്‍ റോമ്പി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കപ്പല്‍ മോചനദ്രവ്യം നല്‍കിയാണ് മോചിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡച്ച്കാരനായ ഒരു ക്യാപ്റ്റനും രണ്ട് ബെല്‍ജിയംകാരും മൂന്ന് ഫിലിപ്പിനോസും നാല് ക്രോട്ട്സുകാരുമാണ് കപ്പലിലുണ്ടായിരുന്നത്. മണല്‍വാരലിന് നിയോഗിക്കപ്പെട്ട ഈ കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാരുടെ കൈവശമാകുന്ന ആദ്യ ബെല്‍ജിയന്‍ കപ്പലാണ്.
കൃത്രിമ ദ്വീപുകളുടെ നിര്‍മ്മാണ സഹായത്തിനായി ദുബൈയില്‍ നിന്നും ദക്ഷിണാഫ്രിക്കയ്ക്ക് പോകും വഴി സീച്ചലിന് 140 കിലോമീറ്റര്‍ അകലെ വെച്ചാണ് കപ്പല്‍ കൊള്ളക്കാരുടെ പിടിയിലാകുന്നത്. മെയ് ആദ്യ വാരം കൊള്ളക്കാരുടെ പിടിയിലായ ഒരു ഡച്ച് ചരക്കു കപ്പല്‍ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. കപ്പലിലെ ജോലിക്കാരനായിരുന്ന ഒരു ഉക്രൈനിയക്കാരനെ വെടിവെച്ചു കൊന്ന കൊള്ളക്കാര്‍ എട്ട് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
12 കപ്പലുകളും ഏകദേശം 200ഓളം ജീവനക്കാരും ഇപ്പോഴും കൊള്ളക്കാരുടെ കസ്റഡിയിലുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ മരിടൈം ഏജന്‍സിയുടെ നിഗമനം. എട്ട് ദശലക്ഷം ഡോളര്‍ ആണ് പോംപി മോചിപ്പിക്കാനായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടത്. മോചന ദ്രവ്യമായി ഒരു തുക കൊള്ളക്കാര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കിയ അധികൃതര്‍ ആ തുക എത്രയാണെന്ന് പറയാന്‍ തയാറായിട്ടില്ല.
ഏകദേശം 160 തവണ തങ്ങള്‍ കൊള്ളക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ എല്ലാതവണയും അവര്‍ മോചനദ്രവ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ തയാറായതെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിമാനത്തില്‍ എത്തിച്ച തുക കപ്പലിന് സമീപത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
2010 ഓടെ കടല്‍ക്കൊള്ള അവസാനിപ്പിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 24ഓളം കപ്പലുകളാണ് കടല്‍ക്കൊള്ളക്കെതിരായി ഏദന്‍സ് ഉള്‍ക്കടലില്‍ റോന്ത് ചുറ്റുന്നത്.

2009, ജൂൺ 27, ശനിയാഴ്‌ച

റഷ്യ-നാറ്റോ സൈനിക ബന്ധം
പുനസ്ഥാപിക്കുന്നു
കോര്‍ഫു: റഷ്യയും നാറ്റോയും സൈനിക ബന്ധം പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗ്രീസിലെ കോര്‍ഫുവില്‍ നടക്കുന്ന ഉന്നതതല യോഗത്തിലുണ്ടാകും. അഫ്ഗാനിസ്ഥാന്‍, തീവ്രവാദ വിരുദ്ധ നടപടികള്‍, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പട്രോളിംഗ് എന്നീ കാര്യങ്ങളില്‍ റഷ്യ നാറ്റോയുമായി സഹകരിക്കുമെന്ന് പാശ്ചാത്യ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജോര്‍ജിയ തെക്കന്‍ ഒസ്സെഷ്യയില്‍ അധിനിവേശത്തിനു ശ്രമിച്ചതിനെ റഷ്യ ഇടപെട്ട് എതിര്‍ത്തു തോല്‍പ്പിച്ചതിനെ തുടര്‍ന്ന് റഷ്യ, നാറ്റോ ബന്ധം താറുമാറായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ജോര്‍ജിയയെ ഏകപക്ഷീയമായി പിന്തുണച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യനാറ്റോയുമായുള്ള ബന്ധം മരവിപ്പിച്ചത്. തികച്ചും പ്രത്യാശാജനകമാണ് നിലവിലുള്ള സാഹചര്യമെന്ന് ചര്‍ച്ചയ്ക്കെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ ജാപ്പ് ഡി ഹൂപ്പ് ഷീഫെര്‍ പറഞ്ഞു. ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് റഷ്യയെ പ്രതിനിധാനം ചെയ്യുന്നത്. നാറ്റോയിലെ 28 അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരും ചര്‍ച്ചയ്ക്കുണ്ട്. ഇറ്റലിയുടെയും ഗ്രീസിന്റെയും പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. റഷ്യയെ ഒറ്റപ്പെടുത്തുന്നത് ശരിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് പറഞ്ഞു. റഷ്യയുടെ കൂടി പിന്തുണയോടെ മാത്രമേ തീവവ്രാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009, ജൂൺ 26, വെള്ളിയാഴ്‌ച

മെഹ്സൂദിന്റെ 'പിന്‍ഗാമി' കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് താലിബാന്‍ മേധാവി ബെയ്ത്തുല്ല മെഹ്സൂദിന്റെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന കമാന്‍ഡര്‍ ഖാരി ഹുസൈന്‍ കഴിഞ്ഞ
ദിവസത്തെ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മെഹ്സൂദിന്റെ വിശ്വസ്തനായിരുന്ന ഹുസൈനായിരുന്നു ചാവേറുകളുടെ പരിശീലകന്‍. ഇയാളുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ തെക്കന്‍ വസീറിസ്ഥാനിലെത്തിയ തീവ്രവാദികള്‍ക്കു നേരെ
യു എസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍നിന്നു മെഹ്സൂദ് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നു പാക്ക് ദിനപത്രം 'ഡോണ്‍ വെളിപ്പെടുത്തുന്നു.
ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 80 പേരില്‍ അഫ്ഗാനിലെ പ്രമുഖ താലിബാന്‍ കമാന്‍ഡര്‍ സംഗീന്‍ സര്‍ദാനുമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നെങ്കിലും താലിബാന്‍ നിഷേധിച്ചു.
അതിനിടെ, മെഹ്സൂദിന്റെ നേതൃത്വത്തിനും നയങ്ങള്‍ക്കുമെതിരെ ഒരു നേതാവു കൂടി പരസ്യമായി രംഗത്തെത്തി. ഇതോടെ താലിബാന്‍ നേതൃത്വത്തില്‍ വിള്ളലുകള്‍ വലുതാകുകയാണ്. ചാവേര്‍ ആക്രമണങ്ങള്‍ക്കെതിരെ നിലകൊണ്ട ഉന്നത കമാന്‍ഡര്‍ ഖാരി സൈനുദ്ദീനെ അംഗരക്ഷകര്‍തന്നെ വധിക്കുകയും ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണു മെഹ്സൂദിനെതിരെ മറ്റൊരു കമാന്‍ഡര്‍ തുര്‍ക്കിസ്ഥാന്‍ ഭിട്ടാനി രംഗത്തെത്തിയത്. മെഹ്സൂദിനെതിരെ പോരാടുമെന്നു പ്രഖ്യാപിച്ച ഭിട്ടാനി, ഇതിനായി പാക്ക്, യുഎസ് സൈന്യങ്ങളുമായി കൈകോര്‍ക്കാനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.


വംശീയാതിക്രമം: ഓസ്ട്രേലിയന്‍ വൈസ്ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരും ഇന്ത്യയിലേക്ക്
കാന്‍ബെറ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ
വംശീയാതിക്രമങ്ങള്‍ക്ക് ഒരു ശമനവുമുണ്ടാകാത്ത സാഹചര്യത്തില്‍ അനുനയ ദൌത്യവുമായി വീണ്ടുമൊരു ഉന്നതതല സംഘത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
ഇന്ത്യയിലേക്കയയ്ക്കുന്നു. വൈസ് ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെട്ടതാണ് പുതിയ സംഘം. അടുത്തയാഴ്ച സംഘം ന്യൂഡല്‍ഹിയിലെത്തും.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികളെപ്പറ്റി വിശദീകരിക്കുകയും ആശങ്കകള്‍ ദുരീകരിക്കുകയുമാണ് ഓസ്ട്രേലിയന്‍ സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. ഈയാഴ്ച നേരത്തെ ഓസ്ട്രേലിയയുടെ തൊഴില്‍, വിദ്യാഭ്യാസ സെക്രട്ടറി ലിസ പോളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ന്യൂഡല്‍ഹിയിലെത്തി പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ സമീപിക്കുന്ന ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളുടെ ഏജന്റുമാരെ നിരീക്ഷിക്കാനും പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ശരിയായ വേതനം ഉറപ്പാക്കാനും ഒരു റഗുലേറ്ററി സംവിധാനം പ്രാബല്യത്തിലാക്കുമെന്ന് ലിസ പോള്‍ ഉറപ്പുനല്‍കുകയുണ്ടായി. പുതിയ സംഘത്തിന് വിദ്യാഭ്യാസ വകുപ്പിലെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് തലവന്‍ കോളിന്‍ വാള്‍ട്ടേഴ്സ് ആണ് നേതൃത്വം നല്‍കുക.
വൈസ് ചാന്‍സലര്‍മാരും പൊലീസുദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം ന്യൂഡല്‍ഹിക്കു പുറമെ ഓസ്ട്രേലിയയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്ന മറ്റിടങ്ങളും സന്ദര്‍ശിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയ്ക്ക് 16 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതിനോടുള്ള പ്രതികരണം അവര്‍ വിശദമാക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നടപടിയെടുക്കാനും തങ്ങള്‍ നൂറുശതമാനം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കാനാണ് വൈസ് ചാന്‍സലര്‍മാരെയും മറ്റും ഇന്ത്യയിലേക്കയയ്ക്കുന്നതെന്ന് അടുത്തിടെ രൂപീകരിച്ച വിദ്യാഭ്യാസ ദൌത്യ സംഘം തലവന്‍ ഗ്രയീം കുക്ക് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ തങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കല്‍ക്കരി, ഇരുമ്പയിര് മേഖലകള്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയ ഏറ്റവുമധികം വിദേശനാണ്യം നേടുന്നത് വിദ്യാഭ്യാസരംഗം വഴിയാണ്. സമീപവര്‍ഷങ്ങളിലായാണ് ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മേഖല ഇത്രയും ഉയര്‍ച്ച നേടിയത്. കഴിഞ്ഞവര്‍ഷം ഈ മേഖലയിലൂടെ ഓസ്ട്രേലിയയ്ക്കുണ്ടായ വരുമാനം 1200 കോടി ഡോളറാണ്.
96000ല്‍പരം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓസ്ട്രേലിയയ്ക്കുള്ള പ്രതിവര്‍ഷവരുമാനം 350 കോടി ഡോളറാണെന്ന് അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. അതായത് ഓസ്ട്രേലിയയ്ക്ക് വിദേശ വിദ്യാര്‍ഥികളില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ നാലിലൊന്നിലേറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മേഖലകളില്‍ കൂടുതല്‍ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായി ഗ്രയീം കുക്ക് പറഞ്ഞു. കാലാനുസൃത മാറ്റങ്ങള്‍ക്ക് യോജിച്ച നിയമനിര്‍മാണം നടത്തുന്നതിനും പരമപ്രാധാന്യത്തോടെ ശ്രമിച്ചുവരികയാണ്.
'വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സേവനങ്ങള്‍' നിയമമാണ് എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വംശീയ പ്രശ്നങ്ങളും അക്രമങ്ങളും ഉണ്ടായാല്‍ പരാതിപ്പെടുന്നതിന് ഹോട്ട്ലൈന്‍ സംവിധാനം ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. പരാതിപ്പെടുന്നത്, വിദേശ വിദ്യാര്‍ഥികളുടെ വിസ പദവിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കുക്ക് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമങ്ങളുടെ സാഹചര്യത്തില്‍ തീവ്രവാദവിരുദ്ധ നിയമം പുനരവലോകനം ചെയ്യുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് ഡങ്കണ്‍ ലെവിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൌത്യസേന രൂപീകരിച്ചിട്ടുണ്ട്. വംശീയ അതിക്രമങ്ങള്‍ക്ക് പൂര്‍ണവിരാമമിടുകയാണ് ഈ നീക്കങ്ങളുടെയെല്ലാം ലക്ഷ്യം.

2009, ജൂൺ 25, വ്യാഴാഴ്‌ച


മോഷണം: നാലുപേരുടെ കൈയും
കാലും മതകോടതി വെട്ടിമാറ്റി

മെഗാദിഷു: മോഷണക്കുറ്റം ചുമത്തി നാലുപേരുടെ കൈയും കാലും സൊമാലിയയിലെ മതകോടതി വെട്ടിമാറ്റി.
തീവ്രവാദി സംഘടനയായ അല്‍-ഷബാബിന്റെ ഒരു ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെയാണ് ശിക്ഷാവിധി നടപ്പാക്കിയത്.
അല്‍ - ഷബാബ് രൂപീകരിച്ച ശരീ അത്ത് കോടതിയാണ്, ഫോണുകളും തോക്കുകളും മോഷ്ടിച്ചതിന് മൊഗാദിഷുവില്‍ പിടിയിലായ നാലുപോരുടെ ഓരോ കൈയും കാലും വീതം വെട്ടിമാറ്റിയത്.
സൊ
മാലിയയിലെ യു എന്‍ പിന്തുണയുള്ള സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെ
ടുക്കാന്‍ ശ്രമിക്കുന്ന അല്‍ - ഷബാഖിന് അല്‍ഖ്വയ്ദയുമായും താലിബാനുമായും അടുത്ത ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അല്‍-ഷബാബ് ഇത് നിഷേധിക്കുന്നു.
കിരാതമായ ശിക്ഷ നടപ്പാക്കിയിടത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ സംഭവം പുറത്തുവിട്ടത്.
സൊമാലിയയുടെ ഭൂരിഭാഗം മേഖലകളും അല്‍-ഷബാബിന്റെ നിയന്ത്രണത്തിലാണ്. നൂറുകണക്കിന് വിദേശികള്‍ ഈ തീവ്രവാദി സംഘത്തിലുണ്ട്.
സ്വരാജ് പോള്‍ പ്രഭു ബ്രട്ടീഷ് രാജസമിതിയില്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ
വ്യവസായി സ്വരാജ് പോള്‍ പ്രഭു (78) ബ്രിട്ടീഷ് രാജ്ഞിയുടെ ഉപദേശക സമിതിയായ പ്രിവി കൌണ്‍സിലിലെ അംഗമായി നിയമിതനായി. ബ്രിട്ടീഷ് പൌരന് രാജ്ഞിയില്‍ നിന്നു ലഭിക്കാവുന്ന ഏറ്റവും ഉന്നത പദവിയാണിത്. ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിയാതെ സ്ഥാനാരോഹണം നടക്കും.
പ്രഭുസഭയിലെ ഡപ്യൂട്ടി സ്പീക്കറായി കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.
ജഡ്ജിമാര്‍, മന്ത്രിമാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, അംബാസഡര്‍മാര്‍ തുടങ്ങി പ്രമുഖര്‍ മാത്രം ഉള്‍പ്പെടുന്ന ഈ രാജകീയ സമിതിയാണ് രാജ്ഞിയെ ഭരണകാര്യങ്ങളില്‍ ഉപദേശിക്കുക.
പാര്‍ലമെന്റ് വിളിച്ചുകൂട്ടുക, പിരിച്ചുവിടുക, നീട്ടിവയ്ക്കുക, യുദ്ധം പ്രഖ്യാപിക്കുക തുടങ്ങിയ വിജ്ഞാപനങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയും പ്രിവി കൌണ്‍സിലിന്റെ ചുമതലകളാണ്.
പുതിയ രാജാവിനെയോ രാജ്ഞിയെയോ അവരോധിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാന്‍ സമ്പൂര്‍ണ പ്രിവി കൌണ്‍സില്‍ ചേരും. രാജ്യത്തിന്റെ പരമാധികാരിയുടെ വിവാഹകാര്യം വെളിപ്പെടുത്തുമ്പോഴും സമ്പൂര്‍ണ യോഗം കൂടും.
പാര്‍ലമെന്റ് അംഗത്തിന്റെ പേരിനൊപ്പം എംപി എന്നു ചേര്‍ക്കുന്നതു പോലെ പ്രിവി കൌണ്‍സില്‍ അംഗത്തിന്റെ പേരിന്റെ അവസാനം പി സി എന്നു ചേര്‍ക്കാം.

കാര്‍ വിപണിയില്‍ ജപ്പാന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടി
ടോക്കിയോ: ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ജപ്പാനില്‍ പ്രമുഖ കമ്പനികളുടെ കാര്‍ ഉത്പാദനത്തിലും വന്‍ ഇടിവ്. കാര്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ലക്ഷ്യം കാണാതെപോയതോടെ കാര്‍ വിപണിയില്‍ കുതിച്ചുകയറ്റം ഇനി എന്നുണ്ടാവുമെന്നുപോലും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ജപ്പാനിലെ പ്രമുഖ കാര്‍ കമ്പനിയായ ടയോട്ടക്കാണ് ഏറ്റവും വലിയ തിരിച്ചടി. അവരുടെ അമേരിക്കയിലെ കാര്‍ നിര്‍മാണശാലയില്‍ ഉത്പാദനം 48.2 ശതമാനവും ജപ്പാനിലെ നിര്‍മാണശാലകളില്‍ 41.9 ശതമാനവും കുറച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയിലെ നിര്‍മ്മാണ ശാലയില്‍നിന്ന് പുറത്തിറങ്ങിയത് 56,000 കാറാണ്. ജപ്പാനില്‍ വിപണിയിലിറങ്ങിയത് 1,92,637 കാറും.
തങ്ങളുടെ എതിരാളികളെക്കാള്‍ ശക്തമായ തിരിച്ചടിയാണ് ടയോട്ടയ്ക്കുണ്ടായത്. നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ ആവശ്യകത കുറഞ്ഞത് ടയോട്ടയുടെ വിദേശവരുമാനത്തെ ആകെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവരുടെ വരുമാനത്തില്‍ 436.9 ബില്ല്യണ്‍ യെന്നിന്റെ (ജപ്പാന്‍ കറന്‍സി) കുറവാണുണ്ടായത്. 1937 നു ശേഷം ടയോട്ട നേരിടുന്ന ഏറ്റവും വലിയ വരുമാന നഷ്ടമാണിത്. ഇതിലും വലിയ നഷ്ടമായിരിക്കും അവര്‍ക്ക് ഈ സാമ്പത്തികവര്‍ഷം നേരിടേണ്ടിവരുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജപ്പാനിലെ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരായ ഹോണ്ടോയുടെ നിലയും ശോഭനമല്ല. കഴിഞ്ഞവര്‍ഷം 1,95,085 കാറുകള്‍ പുറത്തിറക്കിയ ഹോണ്ടോയുടെ ഉത്പാദനത്തില്‍ 38.4 ശതമാനത്തിന്റെ കുറവ് വന്നുകഴിഞ്ഞു. ഡിമാന്‍ഡ് കുറഞ്ഞതോടെ സതേണ്‍ ഇംഗ്ളണ്ടിലെ സ്വിന്‍ഡനിലെ കാര്‍ ഫാക്ടറി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അതേസമയം ഇവിടെ ചെറിയതോതില്‍ കാര്‍ ഉത്പാദനം പുനരാരംഭിച്ചതായി ഹോണ്ട ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്.
നിസാന്‍ മോട്ടോര്‍ കമ്പനി കഴിഞ്ഞവര്‍ഷം 2,01,340 കാറുകളാണ് ലോകത്താകമാനം പുറത്തിറക്കിയത്. 27 ശതമാനം കുറവാണ് അവരുടെ ഉത്പാദനത്തിലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചില്‍ 44.9 ശതമാനത്തിന്റെയും ഏപ്രിലില്‍ 38.2 ശതമാനത്തിന്റെയും കുറവുണ്ടായിരുന്നു. മേയ് ആയപ്പോള്‍ 27 ശതമാനത്തിന്റെ കുറവേ ഉണ്ടായുള്ളൂ. ഇത് പ്രതീക്ഷനല്‍കുന്ന കണക്കാണെന്നാണ് നിസാന്‍ മോട്ടോര്‍ കമ്പനി അധികൃതര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയില്‍ തിരിച്ചടി ഉണ്ടായെങ്കിലും ചൈനീസ് വിപണിയില്‍ തങ്ങളുടെ കാറിന് ആവശ്യക്കാര്‍ വര്‍ധിച്ചതായും അവര്‍ അവകാശപ്പെടുന്നുണ്ട്.
മിത്സുബിഷി മോട്ടോര്‍ കോപറേഷന്റെ കാര്‍ ഉത്പാദനത്തില്‍ 54.6 ശതമാനത്തിന്റെ കുറവാണ് ഈ കാലയളവിലുണ്ടായത്. ആകെ 44,902 കാറുകളാണ് അവര്‍ പുറത്തിറക്കിയത്. മസ്ഡാ മോട്ടോര്‍ കോര്‍പറേഷന്‍ 66,531 വാഹനങ്ങള്‍ പുറത്തിറക്കി. 37 ശതമാനം കുറവാണ് അവര്‍ക്കുണ്ടായത്.

2009, ജൂൺ 24, ബുധനാഴ്‌ച

റയാന്‍ എയറില്‍
ഇനിമുതല്‍ ലഗേജും യാത്രക്കാര്‍തന്നെ കയറ്റണം

ഡബ്ളിന്‍: ലോ ബജറ്റ് യാത്രാ വിമാനമായ വയാന്‍ എയറില്‍ ഇനി മുതല്‍ അവരവരുടെ ലഗേജ് യാത്രക്കാര്‍തന്നെ വിമാനത്തില്‍ കയറ്റണം.
ഈ നടപടിക്രമം താമസിയാതെര്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി റയാന്‍ എയറിനെയും പിടികൂടിക്കഴിഞ്ഞ സാഹചര്യത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കുന്നത്. പുതിയ സംവിധാനത്തിലൂടെ പ്രതിവര്‍ഷം 20 മില്ല്യണ്‍ യൂറോ ലാഭിക്കാനാവും എന്നാണ് അവരുടെ കണ്ടെത്തല്‍. ഈ സംവിധാനത്തോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് റയാന്‍ എയര്‍ ചീഫ് എക്സിക്യുട്ടീവ് മൈക്കിള്‍ ഒ'ലീറി അഭ്യര്‍ത്ഥിച്ചു.
നിലവില്‍ ലോകത്തെമ്പാടുമുള്ള എല്ലാ വിമാനങ്ങളിലും യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുമ്പോള്‍ ഒരു ഹാന്‍ഡ്ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ അവകാശമുള്ളൂ. ഇതിലൊരു മാറ്റത്തിനാണ് റയാന്‍ എയര്‍ തുടക്കം കുറിക്കുന്നത്. ഈ പദ്ധതി വിജയം കണ്ടാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മറ്റ് വിമാനകമ്പനികളും ഇതേമാര്‍ഗം പിന്തുടരാനാണ് സാധ്യത.
ഇപ്പോള്‍ യാത്രക്കാരുടെ ലഗേജ് സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് വിമാനത്തില്‍ കയറ്റുന്നത് ലഗേജ് ഹാന്‍ഡ്ലേഴ്സ് ആണ്. ഈ വിഭാഗത്തെ പൂര്‍വമായും ഒഴിവാക്കുകയാണ് റയാന്‍ എയര്‍. ഇവരുടെ പ്രതിഫലമാണ് കമ്പനി ലാഭിക്കാന്‍ പോകുന്ന 20 മില്ല്യണ്‍ യൂറോ. യാത്രക്കാര്‍തന്നെ ലഗേജ് സെക്യൂരിറ്റി ചെക്കപ്പിനു കൊണ്ടുപോകണം.
അവിടെനിന്നും അവര്‍തന്നെ അത് ഏറ്റുവാങ്ങുകയും വേണം. എന്നിട്ട് ലഗേജ് സ്വയം ചുമന്ന് വിമാനത്തില്‍ കയറ്റുകയും വേണം. ഒരു ബസില്‍ യാത്രക്കാര്‍ ലഗേജ് കൊണ്ടുപോകുന്ന അതേസമ്പ്രദായമാണ് വിമാനത്തിലും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന;ന്ന് റയാന്‍ എയര്‍ വക്താവ് പറഞ്ഞു. അതേസമയം ഇത് എന്ന് മുതല്‍ നടപ്പിലാക്കുമെന്നോ ആദ്യം ഏത് വിമാനത്താവളത്തില്‍ പരീക്ഷിക്കുമെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വ്യോമയാന നിയമങ്ങള്‍ തടസപ്പെടുത്തലില്ലാതെ ഈ സംവിധാനം എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. ഇതേക്കുറിച്ച് വിമാനത്താവളങ്ങളുടെ അധികൃതരുമായി ഇനിയും ചര്‍ച്ചചെയ്യാനുണ്ട്. ഇത്തരമൊരു പ്രൊപ്പോസല്‍ റയാന്‍ എയറില്‍നിന്നും ലഭിച്ചശേഷം തങ്ങളുടെ നിലപാട് അറിയിക്കാമെന്നാണ് ഡബ്ളിന്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞത്.

2009, ജൂൺ 23, ചൊവ്വാഴ്ച

അമേരിക്കയ്ക്കെതിരായി ആണവായുധം പ്രയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ തലവന്‍

ദുബായ്: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ലഭിച്ചാല്‍ അമേരിക്കയ്ക്കെതിരെ ഉപയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ. അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന അല്‍-ഖ്വയ്ദ തലവവന്‍ മുസ്തഫ അബു അല്‍ യാസിദ് അള്‍ജസീറ ടി വിക്ക് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് അമേരിക്കക്കെതിരായ ഭീഷണി.
ദൈവം അനുവദിക്കുകയാണെങ്കില്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലെത്താതെ തങ്ങളുടെ കൈവശം എത്തിചേരുമെന്നും അത് അമേരിക്കക്കാരെ തകര്‍ക്കാനായി ഉപയോഗിക്കുമെന്നും അല്‍ യാസിദ് പറഞ്ഞു. സ്വാതില്‍ താലിബാന്‍ നടത്തുന്ന പോരാട്ടത്തില്‍ അന്തിമ വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനിയുള്ള നാളുകളിലും അമേരിക്കയുടെ ആധിപത്യം തകര്‍ക്കുകയെന്നതായിരിക്കും അല്‍-ഖ്വയ്ദയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാസിദ് പറഞ്ഞു. അബു ബസിര്‍ അല്‍ വഹാഷിയെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പുതിയ അല്‍-ഖ്വയ്ദ തലവനായി പ്രഖ്യാപിച്ചു. അറേബ്യയിലെ അല്‍-ഖ്വയ്ദക്ക് ഒരൊറ്റ നേതാവിന്റെ കീഴില്‍ കൂടുതല്‍ നേട്ടങ്ങള്‍ സാധ്യമാകുമെന്നും അമേരിക്ക തങ്ങളുടെ എണ്ണ മോഷ്ടിച്ച് തങ്ങള്‍ക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക മുസ്ലിം രാഷ്ട്രങ്ങളിലെ പാശ്ചാത്യ സര്‍ക്കാരുകളെയും ഇസ്രയേലിനെയും പിന്തുണക്കുന്നത് അവസാനിപ്പിക്കാനും നിലവില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കാനും തയാറാവുകയാണെങ്കില്‍ 10 വര്‍ഷം വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തങ്ങള്‍ തയാറാണെന്ന് യാസിദ് കൂട്ടിച്ചേര്‍ത്തു. അല്‍-ഖ്വയ്ദ തലവന്മാരായ ഒസാമ ബിന്‍ലാദനും അയ്മാന്‍ അല്‍-സാവാഹിരിയും സുരക്ഷിതരാണെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും യാസിദ് പറഞ്ഞു.
പാകിസ്ഥാനിലെ ആണവായുധത്തിന്റെ നിയന്ത്രണം ഭീകരരുടെ കൈവശമെത്തുന്ന സാഹചര്യമുണ്ടായാല്‍ ആണവായുധങ്ങള്‍ അമേരിക്ക പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു യാസിദ്. പാക് ആണവായുധ കേന്ദ്രം നിലനില്‍ക്കുന്ന ഇസ്ലാമബാദിനു വടക്ക് പടിഞ്ഞാറന്‍ ജില്ലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ താലിബാന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് സ്വാത് താഴ്വരയില്‍ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്.
ഏപ്രിലില്‍ ആരംഭിച്ച സൈനിക നീക്കത്തില്‍ ആയിരക്കണക്കിന് താലിബാനികളെ വധിക്കാന്‍ സര്‍ക്കാരിനായി. 40 ലക്ഷത്തോളം സിവിലിയന്മാര്‍ മേഖലയില്‍ നിന്നും പലായനം ചെയ്തു.

ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയില്‍


റോം: ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടന അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യമാണ് പട്ടിണി റെക്കോഡ് നിരക്കിലാക്കിയത്. പട്ടിണിയുടെ നിരക്ക് ഉയര്‍ന്നത് സുരക്ഷയ്ക്കും സമാധാനത്തിനും കനത്ത വെല്ലുവിളിയാണെന്ന് യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.യുദ്ധം, വരള്‍ച്ച, രാഷ്ട്രീയ അസ്ഥിരത, ഭക്ഷ്യവസ്തു വില വര്‍ധന എന്നിവയ്ക്കു പുറമെ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെയാണ് ലോകത്തെ ആറ് പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ പട്ടിണി രൂക്ഷമായത്. ദുര്‍ബല ജനവിഭാഗങ്ങളാണ് പട്ടിണിയുടെ കെടുതികളില്‍ ഏറ്റവുമധികം നട്ടം തിരിയുന്നത്.

ഒരു ദിവസം 1800 കലോറിയില്‍ താഴെ ഊര്‍ജം കിട്ടുന്ന അത്ര കുറവ് ആഹാരത്തിന് മാത്രം വകയുള്ളവരെയാണ് പട്ടിണിക്കാരുടെ പട്ടികയില്‍ യു എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിലും 10 കോടി ജനങ്ങള്‍ അധികമായി പട്ടിണിക്കാരായി.ലോകത്തെ ഒരു രാജ്യവും പട്ടിണിയില്‍ നിന്നും സുരക്ഷിതമല്ലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജാക്വെസ് ദിയൂഫ് വ്യക്തമാക്കി. ലോകത്തെ ഓരോ പ്രദേശവും ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്.

മാനവിക വിഷയമെന്ന പോലെ രാഷ്ട്രീയ പ്രശ്നവുമാണിതെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യസുരക്ഷ, പട്ടിണി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളിലെ അധികൃതര്‍ റോമില്‍ സമ്മേളിച്ചപ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പട്ടിണി ബാധിത ലോകം അപകടകരമായ ലോകമാണെന്ന് യു എന്നിന്റെ മറ്റൊരു ഭക്ഷ്യ ഏജന്‍സിയായ ലോക ഭക്ഷ്യപരിപാടിയുടെ ജൊസെറ്റ ഷീരാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് 30 രാജ്യങ്ങളില്‍ രൂക്ഷമായ പട്ടിണി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹെയ്തിയില്‍ പട്ടിണി തെരുവു കലാപത്തിനു വഴിവച്ചിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നു.ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ ജനങ്ങള്‍ക്കു മുന്നില്‍ മൂന്ന് മാര്‍ഗങ്ങളാണ് തെളിയുകയെന്ന് ഷീരാന്‍ പറഞ്ഞു. ഒന്നുകില്‍ കലാപം നടത്തും, അല്ലെങ്കില്‍ പലായനം ചെയ്യും. ഇതു രണ്ടുമല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കും, ഷീരാന്‍ വിശദീകരിച്ചു.കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉണ്ടായ കനത്ത ഭക്ഷ്യവില വര്‍ധനയില്‍ ശമനം വന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലും ഏറെ ഉയരത്തിലാണതിപ്പോഴും. 2006 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം അവസാനം വില വര്‍ധനയുടെ നിരക്ക് 24 ശതമാനമായിരുന്നു.

പട്ടിണിയിലുള്ള 100 കോടി ജനങ്ങളില്‍ 2.2 കോടി പേര്‍ ആഫ്രിക്കയിലെ വരള്‍ച്ചബാധിത മേഖലകളിലാണ്. ലോകത്ത് പോഷകക്കുറവുള്ളവര്‍ മിക്കവാറും വികസ്വര, അവികസിത രാജ്യങ്ങളിലാണ്. എന്നാല്‍ വികസിതമായവ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പട്ടിണി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടക്ക തോതില്‍ വര്‍ധിച്ചിട്ടുണ്ട്.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഏഷ്യ, പസഫിക് മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ പട്ടിണിയില്‍ കഴിയുന്നതും. 64.2 കോടി ജനങ്ങള്‍ ഇവിടെ പട്ടിണിയിലാണ്. മേഖലയില്‍ പട്ടിണിയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിലും 10.5 ശതമാനം കണ്ട് വര്‍ധിച്ചു.

ആഫ്രിക്കന്‍ മേഖലയില്‍ 26.5 കോടി പേര്‍ പട്ടിണിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിലും 11.8 ശതമാനം വര്‍ധനയാണ് ഇവിടെയുണ്ടായത്. വികസിത രാജ്യങ്ങളില്‍ ഒന്നരക്കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി നിരക്കില്‍ ഏറ്റവും വര്‍ധന ഉണ്ടായത് വികസിത രാജ്യങ്ങളിലാണ്. 15.4 ശതമാനമാണ് ഇവിടങ്ങളില്‍ പട്ടിണി നിരക്കിലുണ്ടായ വര്‍ധന.2015 ഓടെ ലോകത്തെ പട്ടിണി പാതി കണ്ട് കുറയ്ക്കുമെന്ന സമ്പന്ന രാജ്യങ്ങളുടെ വാഗ്ദാനം ഇപ്പോഴത്തെ നിലയ്ക്ക് പ്രാവര്‍ത്തികമാകില്ലെന്നാണ് വ്യക്തമായ സൂചനകള്‍.

ഇറ്റലിയില്‍ അടുത്ത മാസം നടക്കുന്ന ഗ്രൂപ്പ് - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രശ്നം ഗൌരവതരം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഭക്ഷ്യ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.ലോകത്ത് ധാന്യോല്‍പാദനം ഇക്കൊല്ലം അതിശക്തമായ നിരക്കിലാണ്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അപ്രസക്തമായി.

ബ്രിക്ക് രാജ്യങ്ങള്‍ പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കണം: റഷ്യ

മോസ്ക്കോ: അടുത്തിടെ നടന്ന ബ്രിക്ക് ഉച്ചകോടി ചരിത്രപരവും സുപ്രധാനവുമായ സംഭവമായെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്കിന്റെ ഉച്ചകോടിക്ക് റഷ്യയാണ് ദിവസങ്ങള്‍ക്കു മുമ്പ് ആതിഥ്യം വഹിച്ചത്.പുതിയ ആഗോള സാമ്പത്തിക ക്രമത്തിന് ബ്രിക്ക് അംഗരാഷ്ട്രങ്ങള്‍ രൂപം നല്‍കണമെന്ന് മെദ്വെദേവ് പറഞ്ഞു. ഈ രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ രൂപീകരിച്ച സാമ്പത്തിക ക്രമമാണ് നിലവിലുള്ളത്. ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പുതിയ വേദി ബ്രിക്ക് ഉച്ചകോടിയോടെ പ്രാബല്യത്തിലായിരിക്കുകയാണ്.
അതുകൊണ്ടാണ് ഉച്ചകോടി സുപ്രധാന നാഴിക്കല്ലായി മാറിയത്- ടി വി അഭിമുഖത്തില്‍ മെദ്വെദേവ് ചൂണ്ടിക്കാട്ടി.ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും വലിയ രാഷ്ട്രങ്ങളാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇന്ത്യയും ചൈനയും ഏറ്റവും വലിയ രാജ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ റഷ്യയും ബ്രസീലും ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.നിലവിലുള്ള സാമ്പത്തിക ക്രമം 1930-40 കാലത്ത് രൂപീകരിക്കുമ്പോള്‍ ബ്രിക്ക് രാജ്യങ്ങള്‍ അതില്‍ ഭാഗഭാക്കായിരുന്നില്ല.
തങ്ങള്‍ക്കുമേല്‍ മറ്റാരുടെയോ ഒക്കെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇനിയും ആ സ്ഥിതി അംഗീകരിക്കാനാകില്ല. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബ്രിക്ക് രാജ്യങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലുമാകണം പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കേണ്ടത് - മെദ്വെദേവ് വ്യക്തമാക്കി.കിഴക്കന്‍ യൂറോപ്പിലെ മിസൈല്‍ പരിപാടി സംബന്ധിച്ച ആശങ്കകള്‍ അമേരിക്ക പരിഹരിച്ചാല്‍ ആണവ പോര്‍മുനകളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ തയ്യാറാണെന്ന് മെദ്വെദേവ് നേരത്തെ ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.

2009, ജൂൺ 9, ചൊവ്വാഴ്ച

ആയുധ ഇടപാടില്‍ ചൈന രണ്ടാമത്
ലണ്ടന്‍ ; ലോകരാഷ്ട്രങ്ങളില്‍ ആയുധ ഇടപാടില്‍ അമേരിക്കയ്ക്ക് തൊട്ടുപിറകില്‍ ചൈന. വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തു വന്നത്. അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും യുദ്ധങ്ങളും ആഗോള തീവ്രവാദത്തിനെതിരെയുളള പോരാട്ടങ്ങളുമാണ് ആയുധ ഉപഭോഗത്തിലുളള വര്‍ദ്ധനയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ചൈന 10 ശതമാനത്തോളം അധിക തുകയാണ് ആയുധം വാങ്ങാനായി കഴിഞ്ഞ കൊല്ലം അധികം ചെലവഴിച്ചത്. ഏകദേശം 83.9 ബില്യണ്‍ യു എസ് ഡോളര്‍. ഇത് പ്രധാനമായും ആണവ അന്തര്‍വാഹിനികളും പുതിയതലമുറയിലെ പോര്‍വിമാനങ്ങളും വാങ്ങുന്നതിനായിരുന്നുവെന്ന് സ്വീഡിഷ് സമാധാന ഗവേഷണ സംഘത്തിന്റെ അവലോകനത്തില്‍ പറയുന്നു.
ലോകത്തിലെ ആയുധ ഇടപാടിന്റെ ആറ് ശതമാനം വാങ്ങിക്കൂട്ടുന്ന ചൈന ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സിനെയും, ബ്രിട്ടനെയും പിന്തളളിയതായി സ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിലെ മൊത്തം ആയുധ ഇടപാട് ,കഴിഞ്ഞ വര്‍ഷം ഏകദേശം 1464 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ 45 ശതമാനത്തോളം വര്‍ധിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ,ദക്ഷിണകൊറിയ,തായ്വാന്‍ എന്നിവയും ആയുധ ഇടപാടില്‍ കു ത്തനെ വര്‍ധന വരുത്തി

2009, ജൂൺ 7, ഞായറാഴ്‌ച

സേനയില്‍ സിഖ് വംശജരെ 
നിയമിക്കുന്ന നിയമം 
അമേരിക്ക പുനപ്പരിശോധിക്കുന്നു

വാഷിംഗ്ടണ്‍: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അമേരിക്കയിലെ സിഖ് വംശജരെ സൈന്യത്തില്‍ നിയമിക്കുന്ന കാര്യം അമേരിക്ക പുനപരിശോധിക്കുന്നു. സായുധ സേനയില്‍ സിക്ക് വംശജരെ നിരോധിച്ചിരിക്കുന്ന നിയമമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
സിഖ് വംശജര്‍ മതപരമായ തലപ്പാവ് ധരിക്കുന്നു എന്ന കാരണത്താലാണ് അവരെ സൈനിക സേവനത്തിന് അനുവദിക്കാത്തത്. ഇതിനെതിരായി അവര്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സൈനികരെ തലപ്പാവ് ധരിക്കുന്നതില്‍ നിന്നും വിലക്കുന്ന നിയമം പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെന്നും സിഖ് വംശജര്‍ക്ക് അനുകൂലമായ നടപടി ഉടന്‍ തന്നെ എടുക്കുമെന്നും പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് അറിയിച്ചു. സൈനിക യൂണിഫോമിന് ചേരുന്ന തരത്തിലുള്ള തലപ്പാവിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായി പെന്റഗണ്‍ വക്താവ് സൂചിപ്പിച്ചു.
സിഖ് സമുദായത്തിന്റെ ആവശ്യം ന്യായമാണെന്ന് മനുഷിക വിഭവശേഷി വകുപ്പ് തലവന്‍ ഏപ്രില്‍ 29ന് മുതിര്‍ന്ന നേതാക്കള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കത്ത് പുറത്ത് വിടുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനത്തെ സിഖ് സമുദായം സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നതായി അമേരിക്കയിലെ സിഖ് വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ദീപ് സിംഗ് പ്രസ്താവിച്ചു.
സൈന്യത്തിന്റെ ആതുര വിഭാഗത്തില്‍ നിയമിക്കപ്പെട്ട ക്യാപ്റ്റന്‍ കമല്‍ജിത് സിംഗ് കല്‍സി, ക്യാപ്റ്റന്‍ തെജ്ദീപ് സിംഗ് രത്തന്‍ എന്നിവരോട് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ തലപ്പാവ് നീക്കം ചെയ്യണമെന്ന് സൈനിക നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിക്ക് വംശജര്‍ തങ്ങളെ തലപ്പാവ് അണിഞ്ഞുകൊണ്ട് സൈനിക സേവനത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

2009, ജൂൺ 6, ശനിയാഴ്‌ച



യു കെയില്‍ കഴിഞ്ഞ മാസവും കാര്‍ വില്‍പ്പന ഇടിഞ്ഞു

ബ്രിട്ടന്‍: യു കെയില്‍ കാര്‍ വില്‍പ്പന കഴിഞ്ഞമാസം ഗണ്യമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ മേയ് മാസത്തെ അപേക്ഷിച്ച് 2009 മേയില്‍ വില്‍പ്പന 24.8 ശതമാനം കണ്ടാണ് കുറഞ്ഞത്. കഴിഞ്ഞമാസം 1,34,858 കാറുകളാണ് ആകെ വിറ്റുപോയതെന്ന് ദ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് ട്രെയ്ഡേഴ്സിന്റെ (എസ് എം എം ടി) കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ 13 ാം മാസമാണ് യു കെയില്‍ കാര്‍ വില്‍പ്പന കുറയുന്നത്. 
2009 ല്‍ ഇതുവരെ ആകെ വിറ്റഴിഞ്ഞത് 7,48,691 കാറുകളാണ്. 2008 ല്‍ ആദ്യ അഞ്ചുമാസം വിറ്റഴിഞ്ഞതിനെക്കാള്‍ 27.9 ശതമാനം കുറവാണിത്. ഈ വര്‍ഷം ആകെ വിറ്റ കാറുകളില്‍ ആവശ്യക്കാര്‍ കൂടുതല്‍ ഫോര്‍്ഡ് -ഫിയസ്റ്റക്കായിരുന്നു. 48,182 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞമാസം 7,040 ഫിയസ്റ്റകള്‍ വാങ്ങാന്‍ ആളെത്തി. 
ഈമാസം വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. 2,000 യൂറോ ഇന്‍സെന്റീവായി ലഭിക്കുന്ന കാര്‍ സ്ക്രാപ്പേജ് സ്കീം സര്‍ക്കാര്‍ നടപ്പാക്കിയതിലാണ് ഈ പ്രതീക്ഷകള്‍. മേയ് 17 മുതലാണ് ഈ പദ്ധതി നടപ്പില്‍ വന്നത്. ഇതിനകം തന്നെ 35,000 കാറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായും എസ് എം എം ടി ചീഫ് എക്സിക്യുട്ടീവ് പൌള്‍ എവറിറ്റ് ചൂണ്ടിക്കാട്ടുന്നു. 
ജര്‍മിനിയടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കുന്ന പദ്ധതിക്ക് സമാനമായ പദ്ധതിയാണ് യു കെയിലും നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇന്‍സന്റീവ് ആയി നല്‍കുന്ന 2,000 യൂറോയില്‍ പകുതി സര്‍ക്കാരും പകുതി കാര്‍ കമ്പനികളുമാണ് വഹിക്കുന്നത്. എന്നാല്‍ ഇന്‍സെന്റീവ് കൊണ്ടുമാത്രം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ എത്രകാലം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നതില്‍ സര്‍ക്കാരിനും കാര്‍ കമ്പനികള്‍ക്കും ആശങ്കയുണ്ട്.

2009, ജൂൺ 4, വ്യാഴാഴ്‌ച

അയര്‍ലന്‍ഡില്‍ ജോലി

നഷ്ടമാകുന്നവരുടെ എണ്ണം

166 ശതമാനം വര്‍ധിച്ചു


ഡബ്ളിന്‍: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പ്രതിവര്‍ഷം ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം ദിനംപ്രതി 336 പേര്‍ക്ക് എന്ന തോതിലാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2009 ലെ ആദ്യ അഞ്ചു മാസത്തിനിടെതന്നെ 36,000 പേര്‍ക്ക് ജോലി നഷ്ടമായി. 2008 ലെ ആദ്യ അഞ്ചുമാസം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13,500 മാത്രമായിരുന്നു.

ജപ്പാന്‍ കമ്പനികള്‍ മുതല്‍മുടക്കില്‍ വന്‍ കുറവ് വരുത്തി  
ടോകിയോ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തന മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ ജപ്പാന്‍ കമ്പനികള്‍ വന്‍ കുറവുവരുത്തി. പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലും പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിലും 25 ശതമാനംവരെ കുറവാണ് കമ്പനികള്‍ ഒരു വര്‍ഷത്തിനിടെ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍തന്നെ പദ്ധതിവിഹിതത്തിന്റെ വിനിയോഗത്തില്‍ 17 ശതമാനം കുറവ് വരുത്തിയിരുന്നു. ജപ്പാന്റെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2009 ലെ ആദ്യ പാദത്തില്‍ അവരുടെ സാമ്പത്തിക നില 15 ശതമാനം വാര്‍ഷിക നിരക്ക് എന്ന നിലയില്‍ ചുരുങ്ങിയിരുന്നു. ആഗോളസാമ്പത്തിക പ്രതിസന്ധി മൂലം കയറ്റുമതി മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഈ തിരിച്ചടക്കു കാരണം. അതേസമയം കണക്കുകള്‍ മോശമാണെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്ന് ജെ പി മോര്‍ഗനിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ മസാമികി അഡാകിയുടെ അവകാശവാദം.

ദക്ഷിണാഫ്രിക്കയില്‍ അര ലക്ഷം തൊഴിലവസരം

കേപ് ടൌണ്‍: നടപ്പ് വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സൂമ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധനചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. പക്ഷേ ഈ പ്രതിസന്ധിയെ എന്തുവിലകൊടുത്തും മറികടന്നേ പറ്റൂ. ഈ നിമിഷം മുതല്‍ 2009 ഡിസംബര്‍ അവസാനിക്കുന്നതിനകം 5,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2014 ല്‍ നാല് മില്ല്യണ്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാല്‍ ഇത് എങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ദക്ഷിണാഫ്രിക്കയില്‍ നാലിലൊന്നുപേര്‍ തൊഴില്‍ രഹിതരാണ്. രാജ്യത്തെ 40 ശതമാനം ജനങ്ങളും ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. ഇവരില്‍ മഹാഭൂരിപക്ഷത്തിന്‍്െറയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്.
യൂറോപ്പില്‍ തൊAdd Videoഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നു 
കൂടുതല്‍ സ്പെയിനില്‍  

ഡബ്ളിന്‍: യൂറോപ്പില്‍ തൊഴില്‍ രഹിതരായവരുടെ 
എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. യൂറോപ്പിലെ 
16 രാജ്യങ്ങളിിലും യാതൊരു തൊഴിലും 
ഇല്ലാത്തവരുടെ എണ്ണം ഏപ്രിലില്‍ 9.2 
ശതമാനമായി വര്‍ധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചി
പ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യൂറാപ്പില്‍ 
രേഖപ്പെടുത്തുന്ന തൊഴില്‍ രഹിതതരുടെ ഏറ്റവും 
വലിയ പടയാിണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 8.9 ശതമാനം തൊഴില്‍ രഹിതരാണ് ഉണ്ടായിരുന്നത്. ഇത്തരമാരു അവസ്ഥ ഈ മേഖല മുമ്പ് നേരിട്ടത് 1999 സെപ്തംബറിലായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ 27 രാജ്യങ്ങളുടെയും കാര്യം പരിഗണിച്ചാലും സ്ഥിതി വ്യത്യസ്ഥമല്ലെന്നുകാണാം. തൊഴില്‍ രഹിതരുടെ എണ്ണം 8.4 ശതമാനമായിരുന്നത് 8.6 ശതമാനാമായാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആകെ തൊഴില്‍ രഹിതര്‍ 20.8 മില്ല്യണ്‍ ജനങ്ങളായി വര്‍ധിച്ചു. 5,56,000 പേര്‍ ഈ പട്ടികയില്‍ പുതുതായി ഇടം പിടിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജോലിതേടി യൂറോപ്പിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. 14.58 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ യൂറോപ്പിന് പുറത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 3.96,000 പേര്‍ അടുത്തിടെയാണ്് ജോലിക്കായി മറ്റ് മേഖലകളിലേക്ക് പോയത്. തൊഴിലില്ലായ്മയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് സ്പെയിനിലാണ്. 18.1 ശതമാനം പേര്‍ക്ക് ഇവിടെ ജോലിയില്ല. ലാറ്റ്വിയയും (17.4 ശതമാനം) ലിത്വനിയായു(16.85 ശതമാനം) മാണ് തൊട്ടുപിറകിലുള്ളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം കുറഞ്ഞതായാണ് സപെയിന്‍ അധികൃതരുടെ നിലപാട്. 36,20,139 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നതില്‍ 24,741 പേരുടെ കുറവ് വന്നിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. അതേസമയം തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്താത്ത രണ്ട് രാജ്യങ്ങളും 27 അംഗ യൂറോപ്യന്‍ യൂണിയനിലുണ്ട്. റുമാനിയയും ഗ്രീസുമാണ് ആ രാജ്യങ്ങള്‍. തൊഴില്‍ രഹിതരുടെ എണ്ണം ജര്‍മിനിയില്‍ 7.6 ശതമാനത്തില്‍നിന്നും 7.7 ശതമാനമായും ഫ്രാന്‍സില്‍ 8.8 ശതമാനത്തില്‍നിന്നും 8.9 ശതമാനമായും വര്‍ധിച്ചു.